റിയാദ് - ഫൈനൽ എക്സിറ്റ് വിസാ കാലാവധി അവസാനിക്കുന്ന തീയതി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി എളുപ്പത്തിൽ അറിയാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. തന്റെ സ്പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളികൾക്ക് നേരത്തെ ഫൈനൽ എക്സിറ്റ് വിസ നൽകിയിരുന്നെന്നും വിമാന സർവീസുകളില്ലാത്തതിനാൽ വിസാ കാലാവധി പിന്നീട് ഓട്ടോമാറ്റിക് ആയി ദീർഘിപ്പിച്ചു നൽകിയെന്നും വിസാ കാലാവധി എന്നാണ് അവസാനിക്കുകയെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും അറിയിച്ച് തൊഴിലുടമകളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് അബ്ശിർ പോർട്ടൽ വഴി എളുപ്പത്തിൽ വിസാ കാലാവധി അറിയാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. .
തൊഴിലാളികളുടെ ഫൈനൽ എക്സിറ്റ് വിസാ കാലാവധി അറിയാൻ തൊഴിലുടമ ആഗ്രഹിക്കുന്ന പക്ഷം അബ്ശിർ ബിസിനസ് പോർട്ടലിൽ സ്വന്തം അക്കൗണ്ടിൽ പ്രവേശിച്ച് സേവനങ്ങൾ, വിസാ സേവനങ്ങൾ, വിദേശ തൊഴിലാളിയുടെ പേര് എന്നീ ഐക്കണുകൾ യഥാക്രമം തെരഞ്ഞെടുത്ത് വിസയുടെ പ്രിന്റൗട്ട് എടുക്കുകയാണ് വേണ്ടത്. ഇതിലൂടെ വിസാ കാലാവധി അവസാനിക്കുന്ന തീയതി എളുപ്പത്തിൽ അറിയാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.