ന്യൂദല്‍ഹി-അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. അയോധ്യ തര്‍ക്ക വിഷയം ഒത്തുതീര്‍പ്പാക്കി സുപ്രീം കോടതി ധനിപുരി ഗ്രാമത്തിലെ അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളി നിര്‍മാണത്തിനായി സ്ഥലം വഖഫ് ബോര്‍ഡിന് നല്‍കിയത്. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥലത്ത് പള്ളി പണിയും. ഒപ്പം പൊതുജന സേവന കേന്ദ്രങ്ങളും പണിയുന്നുണ്ട്. ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയും പണിയാന്‍ പദ്ധതിയുണ്ട്. ഈ പൊതുജന സേവന കേന്ദ്രങ്ങളുടെ തറക്കല്ലിടലിനാണ് യോഗിയെ ക്ഷണിക്കുന്നതെന്ന് ഇന്തോ ഇസ്ലാമിക് ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ വ്യക്തമാക്കി. അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു.