റാഞ്ചി-ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നാരോപിച്ച് നിശാന്ത് ദുബെക്കെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. റാഞ്ചി സിവില്‍ കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 4 നാണ് ഹേമന്ദ് സോറന്‍ ബിജെപി എംപിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എംപിയെ കൂടാതെ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ കമ്പനികള്‍ക്കെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാമായി 100 കോടി രൂപയുടെ മാനനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. ഹേമന്ദ് സോറന്‍ ഒരു സ്ത്രീയെ തട്ടികൊണ്ട് പോയതായി ദുബെ നേരത്തെ ആരോപിച്ചിരുന്നു. സോറന്‍ 2015 ല്‍ മുംബൈയില്‍ വെച്ച് ഒരു സ്ത്രീയ ലൈംഗികാതിക്രമണം നടത്തി തട്ടികൊണ്ട് പോയെന്നായിരുന്നു ദുബെയുടെ ആരോപണം. നിയമപരമായി ഇതിന് മറുപടി നല്‍കാമെന്നായിരുന്നു അന്ന് സോറന്റെ പ്രതികരണം.
2020 ജൂലൈ 27 മുതല്‍ നിശികാന്ത് ദുബെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഇറക്കുകയും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണെന്നും സോറന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഫീഡില്‍ പ്രത്യക്ഷപ്പെട്ടിട്ടും അത് നീക്കം ചെയ്യാത്തതിനാലാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 5 ന് കേസില്‍ വാദം കേട്ടിരുന്നു. 22ന് കേസ് വീണ്ടും പരിഗണിക്കും.