ജയ്പൂര്‍- രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍, ജയ് ശ്രീറാം, മോഡി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്നാവശ്യപ്പെട്ട് അക്രമികള്‍ ഓട്ടോ ഡ്രൈവറായ മുസ്‌ലിം മധ്യവയസ്‌ക്കനെ ക്രൂരമായി മര്‍ദിച്ചു. ഗഫാര്‍ അഹമദ് കച്ചാവയാണ് മര്‍ദനത്തിനിരയായത്. ഇദ്ദേഹത്തിന്റെ വാച്ചും പണവും അക്രമികള്‍ അപഹരിച്ചതായും പോലീസ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗഫാറിന്റെ പരാതിയെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗഫാറിന് മുഖത്തും കണ്ണിനും പരിക്കുണ്ട്.
അയല്‍ ഗ്രാമത്തിലേക്കുള്ള യാത്രക്കാരെ കൊണ്ടുവിട്ട ശേഷം തിരിച്ചു വരുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. കാറിലെത്തിയ രണ്ടു പേര്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി പുകയില ചോദിച്ചു. ഗഫാര്‍ ഇതു നല്‍കിയെങ്കിലും സ്വീകരിക്കാതെ ഇവരില്‍ ഒരാള്‍ മോഡി സിന്ദാബാദ് എന്നു മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അനുസരിച്ചില്ല. ഇതോടെ അയാള്‍ ശക്തമായി അടിച്ചു. ഉടന്‍ ഓട്ടോ എടുത്ത് അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ കാറില്‍ പിന്തുടര്‍ന്ന് ജഗ്മല്‍പുരയില്‍ തടഞ്ഞു നിര്‍ത്തിച്ചു. വണ്ടിയില്‍ നിന്നു വലിച്ചിറക്കി പൊതിരെ മര്‍ദിച്ചു. താടിപിടിച്ചു വലിച്ചും അടിച്ചും നിര്‍ത്താതെ മര്‍ദിച്ചു. വടികൊണ്ട് അടിക്കുകയും ചെയ്തു. ഇതിനിടെ ജയ് ശ്രീറാം എന്നും മോഡി സിന്ദാബാദ് എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടതായും ഗഫാര്‍ പോലീസിനു നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു. തന്നെ പാക്കിസ്ഥാനിലേക്ക് അയച്ചിട്ടെ ഇനി വിശ്രമമുള്ളൂവെന്ന് അക്രമികള്‍ ആക്രോശിച്ചതായും ഗഫാര്‍ പരാതിയില്‍ പറയുന്നു. ഗഫാറിന്റെ കയ്യിലുണ്ടായിരുന്ന 700 രൂപയും വാച്ചും അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു. രണ്ടു പല്ലുകള്‍ പൊട്ടുകയും കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു.
ഗഫാറിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശംഭുദയാല്‍ ജാട്ട് (35), രാജേന്ദ്ര ജാട്ട്(30) എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികള്‍ കാര്‍ റോഡരികില്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്നുവെന്നും അതിനിടെ അതുവഴി വന്ന ഗഫാറിനെ പിടികൂടി മോശമായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗഫാര്‍ സികാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.