യങ്കോണ്‍- റോഹിങ്ക്യ മുസ്ലിംകള്‍ മ്യാന്‍മറിലെ തദ്ദേശീയരല്ലെന്നും രക്ഷപ്പെട്ടോടുന്ന അഭയാര്‍ത്ഥികളുടെ എണ്ണം എന്ന രീതിയില്‍ മാധ്യമങ്ങള്‍ വരുന്ന കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും മ്യാന്‍മര്‍ സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയ്ങ്. യുഎസ് സ്ഥാനപതിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിലാണ് സൈനിക മേധാവി ഇങ്ങനെ പറഞ്ഞത്. അന്തരാഷ്ട്ര സമൂഹം അറിയുന്നതിനു വേണ്ടിയാണ് സൈനിക മേധാവി റോഹിങ്ക്യ വിഷയം വിശദമായി യുഎസ് സ്ഥാനപതി സ്‌കോട്ട് മാര്‍സിയെലുമായി പങ്കുവച്ചത്.
ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യമായ മ്യാന്‍മറിലെ ഏറ്റവും കരുത്തുറ്റ വ്യക്തിയായ സൈനിക മേധാവിയുടെ റോഹിങ്ക്യകളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പുറത്തു വന്നിരിക്കുന്നത്. ഈ വിഷയത്തെ ചൊല്ലി ആഗോള തലത്തില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന മ്യാന്‍മര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് ഇതു നല്‍കുന്ന സൂചന. സമാധാന നെബേല്‍ സമ്മാന ജേതാവായ നേതാവ് ഓങ് സാന്‍ സൂ ചിയുടെ നേതൃത്വത്തിലുള്ള മ്യാന്‍മറിന്റെ ജനാധിപത്യത്തിലേക്കുള്ള മാറ്റവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ബുദ്ധിസ്റ്റ് ദേശീയതയെ ആളിക്കത്തിക്കുന്ന മ്യാന്‍മറിലെ സൈനിക നടപടികളുടെ ഏറ്റവും വലിയ ഇരകളാണ് പ്രധാനമായു റാഖൈന്‍ സ്റ്റേറ്റിലെ റോഹിങ്യ മുസ്ലിംകള്‍. റോഹിങ്ക്യകളെ ബംഗാളികള്‍ എന്നാണ് സൈനിക മേധാവി വിശേഷിപ്പിച്ചത്. 'ബംഗാളികളെ മ്യാന്‍മറല്ല രാജ്യത്തേക്കു കൊണ്ടുവന്നത്. കോളോണിയല്‍ ശക്തികളാണ്. അവര്‍ തദ്ദേശീയരല്ല. കോളോണിയല്‍ ഭരണകാലത്തു പോലും അവരെ റോഹിങ്ക്യകള്‍ എന്നല്ല വിശേഷിപ്പിച്ചത്. ബംഗാളികള്‍ എന്നാണ് ഇവരെ വിളിച്ചിരുന്നതെന്നാണ് രേഖകളില്‍ പറയുന്നത്,' അദ്ദേഹം പറഞ്ഞു.
മ്യാന്‍മറില്‍ സൈന്യവും സുരക്ഷാ സേനയും ചേര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകളെ ക്രൂരമായി മര്‍ദ്ദിച്ച് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് ആട്ടിയോടിച്ചതായി ബുധനാഴ്ച യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിരുന്നു. റാഖൈന്‍ സ്റ്റേറ്റിലെ ഇവരുടെ വീടുകളും ജീവിതമാര്‍ഗമായ കൃഷിയും മറ്റും നശിപ്പിച്ച് തിരിച്ചുവരവ് തടയുന്ന തരത്തില്‍ ക്രൂരമായാണ് ആക്രമിച്ചതെന്നും യുഎന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞിരുന്നു.