അലഹബാദ്- ആരുഷി തല്‍വാർ കേസിൽ രാജേഷ്- നുപൂർ ദമ്പതികൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. തൽവാർ ദമ്പതികളുടെ മകൾ ആരുഷി തൽവാർ കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി. ദമ്പതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചുള്ള ഗാസിയാബാദ് കോടതിയുടെ വിധിയാണ് അലഹബാദ് കോടതി റദ്ദാക്കിയത്. 2013-ലാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുള്ള ഗാസിയാബാദ് കോടതിയുടെ വിധി വന്നത്. ഇതിനെതിരെ ഇരുവരും സമർപ്പിച്ച അപ്പീലിലാണ് അനുകൂല വിധിയുണ്ടായത്.
ഉത്തർപ്രദേശിലെ നോയിഡയിലുള്ള രാജേഷ്, നൂപുർ തൽവാർ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തൽവാറും, അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാദെയും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. 2008 മെയ് 15 നാണ് ഇരുവരേയും ജലായുവിഹാറിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആരുഷിയുടെ കൊലപാതകത്തിൽ പോലീസ് പ്രധാനമായും സംശയിച്ചിരുന്നത് നേപ്പാൾ സ്വദേശിയായ വീട്ടുവേലക്കാരൻ ഹേംരാജിനെയായിരുന്നു. എന്നാൽ രണ്ടു ദിവസത്തിനുശേഷം ഹേംരാജിന്റെ മൃതദേഹം തൽവാർ ദമ്പതികളുടെ വീടിന്റെ മുകൾഭാഗത്തു നിന്നും കണ്ടെത്തി. പോലീസ് അലക്ഷ്യമായാണ് കേസ് തുടക്കം മുതൽ കൈകാര്യം ചെയ്തിരുന്നത്. സംഭവ സ്ഥലം വേണ്ട രീതിയിൽ മുദ്രവെച്ചു സൂക്ഷിക്കാൻ പോലീസ് തയ്യാറായിരുന്നില്ല, കൂടെ സുപ്രധാനമായ പല തെളിവുകളേയും അവർ പ്രാഥമികാന്വേഷണത്തിൽ വിട്ടുകളഞ്ഞിരുന്നു. തൽവാർ കുടുംബത്തിലെ ഒരു മുൻ സഹായിയാരുന്ന നേപ്പാൾ സ്വദേശി വിഷ്ണു ശർമ്മയെയും പോലീസ് സംശയിച്ചു. എന്നാൽ കൊലപാതകത്തിൽ ആരുഷിയുടെ പിതാവ് രാജേഷിന്റെ പങ്കിനെപ്പറ്റി പോലീസിനു വിവരം ലഭിച്ചു. ആരുഷിയും ഹേംരാജും തമ്മിലുള്ള അസാന്മാർഗിക ബന്ധം സംശയിച്ചാണ് രാജേഷ് ഇരുവരേയും കൊന്നതെന്നായിരുന്നു പോലീസ് ആദ്യം വിശ്വസിച്ചിരുന്നത്. ആരുഷിയുടെ കൊലപാതകത്തിനു ഹേംരാജ് സാക്ഷിയായതിനാൽ ദൃക്‌സാക്ഷിയെ ഒഴിവാക്കാനായിരുന്നു ഹേംരാജിനേയും ഇല്ലാതാക്കിയെതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
പോലീസിന്റെ അന്വേഷണത്തിൽ അപാകത കണ്ടെത്തിയപ്പോൾ കേസ് സി.ബി.ഐ.യെ ഏൽപ്പിക്കുകയായിരുന്നു. വേണ്ടത്ര തെളിവുകളുടെ അഭാവത്തിൽ സി.ബി.ഐ ഈ കേസന്വേഷണം അവസാനിപ്പിക്കുകയും, പകരം സി.ബി.ഐ.യുടെ തന്നെ മറ്റൊരു സംഘത്തിന് അന്വേഷണചുമതല നൽകുകയും ചെയ്തു. പുതിയ സംഘമാണ് കൊലപാതകത്തിൽ മാതാപിതാക്കളുടെ പങ്ക് സംശയിച്ചത്. എന്നാൽ ഇവരെ അറസ്റ്റു ചെയ്യാനുള്ള തെളിവുകൾ ആവശ്യത്തിനുണ്ടായിരുന്നില്ല. ആരുഷിയുടെ മാതാപിതാക്കളായ രാജേഷിനെയും, നൂപുറിനേയും അറസ്റ്റു ചെയ്യാൻ വേണ്ടത്ര തെളിവുകൾ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിലുണ്ടെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടർന്ന് സി.ബി.ഐ ആരുഷിയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്തു.
2008 മേയ് 16 ന് തൽവാർ കുടുംബത്തിലെ വേലക്കാരിയായിരുന്ന ഭാരതി മണ്ഡൽ ആറു മണിക്ക് വീടിന്റെ ബെൽ അടിച്ചുവെങ്കിലും, ആരും തന്നെ വാതിൽ തുറന്നില്ല. സാധാരണ ദിവസങ്ങളിൽ ഹേംരാജാണ് ഭാരതിക്കു വേണ്ടി വാതിൽ തുറന്നു കൊടുക്കാറുള്ളത്. മൂന്നാമത്തെ തവണ ബെൽ അടിച്ചശേഷം, നൂപുർ വാതിൽക്കൽ വന്നുവെങ്കിലും, പുറത്തുള്ള ഇരുമ്പ് കൊണ്ടു നിർമ്മിച്ച വാതിൽ പുറത്തു നിന്നുമാണ് അടച്ചിരുന്നത്. ഹേംരാജ് പാലു വാങ്ങാൻ പുറത്തു പോയപ്പോൾ അടച്ചതായിരിക്കാമെന്ന് നൂപുർ തന്നോട് പറഞ്ഞുവെന്ന് ഭാരതി പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു.
സാധാരണ ആരുഷിയുടെ മുറിയുടെ വാതിൽ അകത്തു നിന്നടക്കുകയോ, അല്ലെങ്കിൽ മാതാപിതാക്കൾ പുറത്തു നിന്നും പൂട്ടുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാൽ 16 ന് ആരുഷിയുടെ മുറിയിലേക്കു ചെന്ന രാജേഷും നൂപുറും കിടക്കയിൽ ആരുഷിയുടെ മൃതശരീരം കണ്ട് ഭയന്നു പോയെന്ന് അവർ പോലീസിനോടു പറഞ്ഞിരുന്നു. ആരുഷിയുടെ ശവശരീരം കണ്ട രാജേഷ് ഉറക്കെ നിലവിളിച്ചുവെന്നു, അതേ സമയം ഈ കാഴ്ച കണ്ട ആഘാതത്തിൽ നൂപുർ യാതൊന്നു ചെയ്യാനാവാതെ തളർന്നു പോയി എന്നും ഇവർ കൊടുത്ത മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഇതേസമയം വാതിൽ തള്ളിതുറന്ന് അകത്തേക്കു വന്ന ഭാരതിയെ നൂപുർ ആരുഷിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി, ആരുഷിയുടെ മൃതദേഹം കാണിച്ചു കൊടുത്തു. നൂപുർ ഈസമയമെല്ലാം കരയുകയായിരുന്നു. മൃതദേഹം ഒരു പുതപ്പുകൊണ്ടു മൂടിയിരുന്നു, പുതപ്പു മാറ്റി നോക്കിയ ഭാരതി, ആരുഷിയുടെ കഴുത്ത് മുറിഞ്ഞിരിക്കുന്നതായി കണ്ടു. ദമ്പതികൾ ആരുഷിയുടെ കൊലപാതകത്തിനു ഹേംരാജിനെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഭാരതി വീടിനു പുറത്തു പോയി അയൽവക്കത്തുള്ളവരെ വിവരമറിയിച്ചു.
ആരുഷിയെ വധിച്ചത് ഹേംരാജാണെന്ന് രാജേഷ് പോലീസിനോട് പറഞ്ഞുയ വീടിനുള്ളിൽ അന്വേഷിക്കാതെ ഉടൻ തന്നെ ഹേംരാജിന്റെ നാടായ നേപ്പാളിൽ ചെന്നന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയുമുണ്ടായി. പോലീസിന്റെ പ്രവർത്തനം ദ്രുതഗതിയിലാക്കാൻ രാജേഷ് അവർക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ആരുഷിയെ പീഢിപ്പിക്കാൻ ഹേംരാജ് ശ്രമിക്കുകയും, അതെതിർത്തപ്പോൾ ഹേംരാജ് ആരുഷിയെ നേപ്പാൾ കുക്രി എന്ന കത്തികൊണ്ട് വധിക്കുകയുമായിരുന്നു എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. ഹേംരാജിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് പോലീസ് 20000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
16 മെയ് രാവിലെ രാജേഷിന്റെ വീട്ടിൽ മുകൾ നിലയിലേക്കു പോകുന്ന ഗോവണിയുടെ കൈവരിയിൽ ചോരപ്പാടുകൾ കണ്ടതായി വീട്ടിലുണ്ടായിരുന്ന സന്ദർശകർ പോലീസിനോടു പറഞ്ഞു. ആരോ മായിച്ച പോലെ ചില ചോരപ്പാടുകൾ ഗോവണിയിൽ കണ്ടതായും ഇവർ വിവരം നൽകി. മെയ് പതിനേഴിന് രാജേഷും നൂപുറും ആരുഷിയുടെ ചാരം ഗംഗയിൽ ഒഴുക്കാനായി പോയിരുന്ന സമയത്ത്,വീട്ടിലെത്തിയിരുന്ന സന്ദർശകർ ഈ ടെറസിലേക്കു തുറക്കുന്ന വാതിലിൽ ചോരപ്പാടുകൾ കണ്ടുവെന്നറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ആ വാതിൽ പൊളിച്ചു. ടെറസ്സിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹേംരാജിന്റെ മൃതദേഹം അഴുകാൻ തുടങ്ങിയ നിലയിൽ പോലീസ് കണ്ടെത്തി.
ഹേംരാജിന്റെ മൃതദേഹം കണ്ടെത്തിയതോടെ അയാളുടെ സുഹൃത്തുക്കളിലേക്ക് പോലീസിന്റെ അന്വേഷണം തിരിഞ്ഞു. ഹേംരാജിന്റെ ബന്ധുവും, തൽവാർ കുടുംബത്തിലെ മുൻ വേലക്കാരനുമായിരുന്ന വിഷ്ണു ഥാപ്പയെ പോലീസ് സംശയിക്കാൻ തുടങ്ങി. പത്തുവർഷത്തോളമായി തൽവാർ കുടുംബത്തിലെ വേലക്കാരനായിരുന്നു വിഷ്ണു, കൂടാതെ തൽവാർ ദമ്പതികളുടെ ആശുപത്രിയിലെ സഹായി കൂടിയായിരുന്നു. ദീർഘമായ അവധികൾക്ക് പോകുമ്പോഴൊക്കെ തന്റെ ബന്ധുക്കളിലാരെയെങ്കിലും തനിക്കു പകരക്കാരനായി കൊണ്ടു വന്നിട്ടേ വിഷ്ണു പോകാറുള്ളായിരുന്നു. വിഷ്ണു ഥാപ്പയാണ് ഹേംരാജിനെ തൽവാർ കുടുംബത്തിനു പരിചയപ്പെടുത്തുന്നത്. എന്നാൽ വിഷ്ണു ഥാപ്പ തിരികെ വന്നപ്പോൾ, തൽവാർ ദമ്പതികൾ അയാൾക്ക് ജോലി നിരസിക്കുകയായിരുന്നു പകരം ഹേംരാജിനെ തന്നെ മതിയെന്നു വിഷ്ണുവിനോട് പറയുകയുണ്ടായി. ഈ ദേഷ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിച്ചു.