ചെന്നൈ- കോവിഡ് സംബന്ധിച്ച് ജനങ്ങളിലുള്ള ഭയവും പരിഭ്രാന്തിയും മുതലാക്കി ലാഭം കൊയ്യുന്ന യോഗ ഗുരുവും ബിസിനസുകാരനുമായ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദക്ക് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ ചുമത്തി.
കൊറോണില്‍ എന്ന വ്യാപാരമുദ്രയുമായി ബന്ധപ്പെട്ട കേസുകളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരായ കോടതി വിധി. കൊറോണില്‍ വ്യാപാരമുദ്ര ഉപയോഗിക്കുന്നതില്‍നിന്ന് പതഞ്ജലിക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഇടക്കാല നിരോധം കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.
ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയറിംഗ് െ്രെപവറ്റ് ലിമിറ്റഡിന് അനുകൂലമായാണ് കോടതി കഴിഞ്ഞ മാസം ഇടക്കാല ഉത്തരവ് നല്‍കിയിരുന്നത്. വ്യാപാരമുദ്ര നിയമ പ്രകാരം കൊറോണില്‍ 92 ബി തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരുദ്ര കോടതിയെ സമീപിച്ചിരുന്നത്. വ്യാവസായിക ഉപയോഗത്തിനായുള്ള ആസിഡ് ഇന്‍ഹിബിറ്റര്‍ ഉല്‍പന്നത്തിനുവേണ്ടിയാണ് കൊറോണില്‍ ട്രേഡ് മാര്‍ക്ക് 1993 ജൂണിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2027 വരെ വ്യാപാരമുദ്രയില്‍ അരുദ്രക്ക് അവകാശം നിലനില്‍ക്കുകയും ചെയ്യും. അതിനിടയിലാണ്
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പതഞ്ജലി ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് കൊറോണില്‍ എന്ന പേര് സ്വീകരിച്ചത്. ഈ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമായിരുന്നിട്ടും ദിവ്യ മന്ദിര്‍ യോഗ നിര്‍മിച്ച ഗുളിക പതഞ്ജലി വിതരണം ചെയ്തതിനെ തുടര്‍ന്നാണ് ശിക്ഷാ നടപടി.
രജിസ്ട്രിയില്‍ വ്യാപരമുദ്ര പരിശോധിക്കുക എളുപ്പമായതുകൊണ്ടുതന്നെ ഈ കേസ് പതഞ്ജലി ക്ഷണിച്ചുവരുത്തിയതാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികള്‍ തങ്ങളുടേത് 10,000 കോടി മൂലധനമുള്ള കമ്പനിയാണെന്ന് ആവര്‍ത്തിച്ച് പറയുകയാണെന്നും എന്നിട്ടും കൊറോണ വൈറസിന് പരിഹാരം നിര്‍ദ്ദേശിച്ചതിലൂടെ പൊതുജനങ്ങള്‍ക്കിടയിലെ ഭയവും പരിഭ്രാന്തിയും മുതലെടുത്ത് കൂടുതല്‍ ലാഭം കൊയ്യാനാണ് ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണില്‍ ടാബ്‌ലെറ്റ് കോവിഡിനുള്ള ചികിത്സയല്ലെന്നും മറിച്ച് ചുമ, ജലദോഷം, പനി എന്നിവക്കെതിരെ പതിരോധശേഷി വര്‍ധിപ്പിക്കുന്നതാണെന്നുമാണ് കമ്പനി കോടതിയില്‍ വ്യക്തമാക്കിയത്.
അംഗീകാരങ്ങളൊന്നും പ്രതീക്ഷിക്കാതെ ഈ നിര്‍ണായക ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കുന്ന നിരവധി സംഘടനകളുണ്ടെന്ന് പ്രതികള്‍ മനസ്സിലാക്കണമെന്നും അവരെ സഹായിക്കണമെന്നും ജഡ്ജി പറഞ്ഞു.
പ്രതികള്‍ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് അഞ്ച് ലക്ഷം രൂപയും സര്‍ക്കാരിനു കീഴിലുള്ള യോഗ-പ്രകൃതി ചികിത്സ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് അഞ്ച് ലക്ഷം രൂപയും ഓഗസ്റ്റ് 21 നകം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വ്യാപാരമുദ്ര, വ്യാപാര നാമം, പേറ്റന്റ് തുടങ്ങി അവകാശവാദമൊന്നുമില്ലാതെ സൗജന്യ സേവനം നല്‍കുന്നതിനാലാണ് ഈ രണ്ട് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.