മുംബൈ- മഹാരാഷ്ട്രയിലെ നാന്ദെഡ്-വഗാല മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തുവാരി. 81 സീറ്റുകളിൽ 69 നേടിയാണ് കോൺഗ്രസിന്റെ മിന്നുന്ന പ്രകടനം. ബി.ജെ.പിക്ക് നാലും ശിവസേനക്ക് ഒന്നും സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമാണ് നാന്ദെഡ്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാന്റെ രാഷ്ട്രീയ തട്ടകമായ നാന്ദെഡിൽ നേടിയ വിജയം സംസ്ഥാനതലത്തിൽ കോൺഗ്രസിന് ഉണർവേകും. രണ്ട് ദശാബ്ദം മുമ്പ് നാന്ദെഡ് മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നതുമുതൽ കോൺഗ്രസിനാണ് ഇവിടെ ഭരണം. 2014 ലെ ദേശീയ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻജയം നേടിയ ബി.ജെ.പി ഈയവസ്ഥക്ക് മാറ്റം വരുത്താനുള്ള കഠിനയത്‌നത്തിലായിരുന്നു. ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ കൗൺസിലിൽ 11 സീറ്റുണ്ടായിരുന്ന അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന പാർട്ടി ഇത്തവണ തകർന്നിഞ്ഞു. മുംബൈ മുനിസിപ്പൽ കോർപറേഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചു. ഇതോടെ ശിവസേനക്കും ബി.ജെ.പിക്കുമിടയിലെ വ്യത്യാസം ഒരു സീറ്റ് മാത്രമായി. കോൺഗ്രസിനാണ് ഇവിടെ സീറ്റ് നഷ്ടമായത്. ഇതോടെ മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസിന്റെ അംഗസംഖ്യ 30 ആയി ചുരുങ്ങി.