ലഖ്‌നൗ- ബാബരി കേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ പള്ളി നിര്‍മിച്ച് ഉല്‍ഘാടനത്തിന് ക്ഷണിച്ചാല്‍ യോഗി എന്ന നിലയിലും ഒരു ഹിന്ദു എന്ന നിലയിലും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്നെ ആരും ക്ഷണിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനു മുന്നോടിയായി എബിപി ന്യൂസ് ചാനലുമായി സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില്‍, ഏതെങ്കിലും മതവുമായോ ഗ്രൂപ്പുമായോ ഞാന്‍ അകലം പാലിക്കില്ല. എന്നാല്‍ ഒരു യോഗി എന്ന നിലയില്‍ എന്നോട് ചടങ്ങില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഞാന്‍ പോകില്ല,' അദ്ദേഹം പറഞ്ഞു.
പോകാത്തിനു കാരണം ഞാനൊരു യോഗി ആയതിനാലാണ്. ഒരു ഹിന്ദു എന്ന നിലയില്‍ എന്റെ ആരാധനാ രീതികളനുസരിച്ച് ജീവിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്- അദ്ദേഹം പറഞ്ഞു.
പള്ളി നിര്‍മാണത്തില്‍ താനൊരു കക്ഷിയല്ലാത്തത് കൊണ്ട് ആരും അവിടേക്ക് ക്ഷണിക്കില്ല. അത്തരമൊരു ക്ഷണം ലഭിക്കില്ലെന്ന് തനിക്കുറപ്പാണെന്നും ആദിത്യനാഥ് പറഞ്ഞു.