Sorry, you need to enable JavaScript to visit this website.

ആര്‍ എസ് എസിനെതിരെ വിശാല സഖ്യമുണ്ടാക്കാന്‍ സിപിഎമ്മും

അഗര്‍ത്തല- വിവിധ രാഷ്ട്രീയ പാര്‍ട്ടികളേയും പൊതുജന സംഘടനകളേയും ഒരുമിച്ചു കൂട്ടി കോണ്‍ഗ്രസ് സഖ്യത്തിനു ബദലായി ബിജെപിക്കും ആര്‍എസ്എസിനുമെതിരെ മതേതര സഖ്യം രൂപീക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മതേതര ജനാധിപത്യ കക്ഷികളെ പിന്തുണയ്ക്കുന്ന എല്ലാ വിഭാഗക്കാരേയും കൂടെകൂട്ടാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ കോണ്‍ഗ്രസിന്റേ നേതൃത്വത്തില്‍ 18 പാര്‍ട്ടികളുടെ വിശാല പ്രതിപക്ഷ സഖ്യം ശക്തിയാര്‍ജ്ജിച്ചു വരുന്നതിനിടെയാണ് സിപിഎമ്മിന്റെ ഈ നീക്കം.

 

ബിജെപിക്കെതിരായി കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്ന സിപിഎം നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് സിപിഎം ഈയിടെ ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പാടെ അവഗണിച്ച് ബിജെപിയും ആര്‍ എസ് എസും സിപിഎമ്മിനെ ഉന്നം വച്ച് നടത്തുന്ന പ്രചാരണങ്ങളില്‍ സിപിഎമ്മിന് ഏറെ ജനശ്രദ്ധ നേടാന്‍ കഴിഞ്ഞത് മുതലെടുക്കാനാണ് പാര്‍ട്ടി നീക്കം. 

 

ദേശീയ തലത്തില്‍ ബിജെപിയുടെ വ്യാജപ്രചാരണങ്ങളെ തുറന്നു കാട്ടാന്‍ സിപിഎം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ പോളിറ്റ് ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

കഴിഞ്ഞ ദിവസം ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവ വാര്‍ഷികാഘോഷ പരിപാടിക്കിടെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യരൂപികരണ നീക്കം കാരാട്ട് പറഞ്ഞത്. സാമ്രാജ്യത്വത്തിനെതിരെ പുതിയൊരു ജനാധിപത്യ തരംഗം സൃഷ്ടിച്ചാണ് ഒക്ടോബര്‍ വിപ്ലവം ചരിത്രത്തില്‍ ഇടം നേടിയതെന്നും ഇന്ത്യയിലെ ഇന്നത്തെ സാഹചര്യങ്ങളും സമാനമായ ഒരു വിപ്ലവത്തിന്റെ ആവശ്യകതയിലേക്കാണ് നയിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നേരിടാന്‍ ഇത് അത്യാവശ്യമാണ്. സൈനിക കരാറുകളിലും ആയുധ നിര്‍മ്മാണ രംഗത്ത് വിദേശ നിക്ഷേപങ്ങള്‍ അനുവദിച്ചും രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയായി കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിനെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News