മാഞ്ചസ്റ്റര്‍-ബ്രിട്ടന് നെഞ്ചിടിപ്പേകി യൂറോപ്പില്‍ കൊറോണ രണ്ടാംഘട്ട വ്യാപനം ശക്തം. സ്‌പെയിനില്‍ ലോക്ക്ഡൗണ്‍ തിരിച്ചെത്തി. സാമൂഹിക അകല നിയമങ്ങള്‍ ആളുകള്‍ പാലിക്കാതെ വന്നതിന്റെ ഫലമായി ഗ്രീസും ജര്‍മനിയും ഫ്രാന്‍സും പുതിയ കേസുകളുടെ വ്യാപനത്തിന്റെ കാര്യത്തില്‍ മുള്‍മുനയിലായി. ഗ്രീസില്‍ കേസുകള്‍ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജര്‍മനി രണ്ടാംഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍ വ്യക്തമാക്കി. ഫ്രാന്‍സിലാവട്ടെ ഏത് നിമിഷം വേണമെങ്കിലും നിയന്ത്രണം കൈവിട്ട് പോകുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഇറ്റലി മാത്രമാണ് കേസുകള്‍ അധികം വര്‍ദ്ധിക്കാതെ പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍ റോമിലെ സിവിറ്റാവെഷിയ പോര്‍ട്ടില്‍ രണ്ട് ക്രൂയിസ് കപ്പലുകള്‍ ക്വാറന്റൈനില്‍ തുടരുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സ്‌പെയിനില്‍ ഒരാഴ്ച കൊണ്ട് 8500 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും അടച്ചിടേണ്ട അവസ്ഥയാണ്. മാഡ്രിഡിലെ നോര്‍ത്ത് മേഖലയിലുള്ള രണ്ട് പട്ടണങ്ങള്‍ കര്‍ശനമായ ലോക്ക്ഡൗണിലേക്ക് നീക്കി. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വര്‍ക്ക് അറ്റ് ഹോമിന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഫിന്‍ലാന്‍ഡ്.
ഫ്രാന്‍സില്‍ കഴിഞ്ഞ ആഴ്ച 7000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റന്‍സീവ് കെയറില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ഏത് നിമിഷവും ഇത് കൈവിട്ട് പോകാമെന്ന് സയന്റിഫിക് കമ്മിറ്റി വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമല്ല യുകെയുടെ സ്ഥിതിയും. മാഞ്ചസ്റ്ററിലും, നോര്‍ത്ത് വെസ്റ്റ് മേഖലയിലുമുള്ള നാലര മില്ല്യണ്‍ ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണത്തിലാണ്. 16 കൗണ്‍സിലുകളില്‍ കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.