ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപത്തിനിടെ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ബോധം നഷ്ടപ്പെട്ട 22കാരന് ജീവനുണ്ടോ എന്നറിയാന്‍ കലാപകാരികള്‍ തീയിട്ടതായി കോടതിയില്‍ പോലീസ് സമര്‍പിച്ച റിപോര്‍ട്ട്. മുസ്‌ലിം ആണെന്ന് ഉറപ്പു വരുത്തിയ ശേഷം ശഹബാസ് എന്ന യുവാവിനെ സംഘം ബോധം നഷ്ടപ്പെട്ട് നിലത്ത് വീഴുന്നതുവരെ മര്‍ദിക്കുകയായിരുന്നു. ശരിക്കും മരിച്ചിട്ടുണ്ടോ അതോ ബോധമില്ലെന്ന് നടിക്കുകയാണോ എന്നറിയാന്‍ ആക്രമികള്‍ യുവാവിനുമേല്‍ തീയിടുകയായിരുന്നു. വീണുകിടക്കുന്ന ശഹബാസിനുമേല്‍ വിറകു കൊള്ളികള്‍ വെച്ച് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നെന്ന് പോലീസ് റിപോര്‍ട്ട് പറയുന്നു.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഈ കൊലക്കേസില്‍ പ്രതിയായ 24കാരന്‍ രാഹുല്‍ ശര്‍മയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പോലീസ് ശഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഒരു തലയോട്ടിയും ഏതാനും അസ്തികളും മാത്രമാണ് തെളിവായി പോലീസിന് ലഭിച്ചിട്ടുള്ളത്. ഇത് ശഹബാസിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് വേണ്ടിവരുമെന്നും പോലസ് കോടതിയില്‍ അറിയിച്ചു. പ്രതി രാഹുലിന്റെ ജാമ്യം കോടതി തള്ളി. കേസില്‍ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായിട്ടുള്ളത്.
ഫെബ്രുവരി 25ന് രാവിലെ ഏഴു മണിയോടെ മരുന്ന് വാങ്ങാനായി ജിടിബി ഹോസ്പിറ്റലിലേക്ക് പോയതായിരുന്നു ശഹബാസ്. അന്ന് ഉച്ചയ്ക്ക് 2.25ന് സഹോദരന്‍ മത്‌ലൂബ് അഹമദ് ശഹബാസിനെ ഫോണില്‍ വിളിച്ച് ഊടുവഴികളിലൂടെ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. വീണ്ടും വിണ്ടും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ചില്ല. തിരച്ചില്‍ നടത്തുന്നതിനിടെ ഫെബ്രുവരി 27നാണ് ശഹബാസിനെ കലാപകാരികള്‍ ജീവനോടെ തീയിട്ടുകൊന്നതായി ഒരാള്‍ മത്‌ലൂബിനെ അറിയിക്കുന്നത്.
മുസ് ലിമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പ്രതി രാഹുല്‍ ശര്‍മയും സംഘവും ശഹബാസിനെ മര്‍ദിച്ചത്. തൊട്ടടുത്ത മതില്‍ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രാഹുലും സംഘവും പിന്തുടര്‍ന്ന് പിടികൂടി മര്‍ദിച്ചു. കലാപകാരികള്‍ ശഹബാസിനെ വലിച്ചിഴച്ച് മെയ്ന്‍ റോഡിലെത്തിച്ചു. അമന്‍, മോഹിത് എന്നീ പ്രതികള്‍ ശഹബാസിന്റെ വാച്ച് പിടിച്ചുപറിച്ചു. മര്‍ദനത്തിനിടെ ശഹബാസ് ബോധരഹിതനായി കുഴഞ്ഞു വീണു. അഭിനയിക്കുകയാണെന്ന് ചില കലാപകാരികള്‍ സംശയം പ്രകടിപ്പച്ചതോടെ വീണുകിടക്കുന്ന ശഹബാസിന്റെ മുഖത്ത് ഉണക്ക പുല്ല് വച്ചു. ശേഷം പെട്രോള്‍ ഒഴിച്ചശേഷം തീയിട്ടു. അപ്പോഴും ശഹബാസിനു ജീവനുണ്ടായിരുന്നു. തീപിടിച്ചതേടെ ശഹബാസ് അനങ്ങി. ഇതു കണ്ട കലാപകാരികള്‍ സമീപത്ത് റോഡരികിലുള്ളായിരുന്ന കാളവണ്ടി പൊളിച്ച് മരക്കഷണങ്ങള്‍ ശഹബാസിനു മേല്‍വെച്ച് വീണ്ടും പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നു- പോലീസ് റിപോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ശഹബാസിന്റെ മരണത്തെ കുറിച്ച് സഹോദരന്‍ മത്‌ലൂബിന് വിവരം നല്‍കിയ ആളെ ചോദ്യം ചെയ്താണ് പോലീസ് പ്രതികളിലേക്കെത്തിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കാന്‍ അവരില്‍പ്പെട്ട ആരെയെങ്കിലും കൊലപ്പെടുത്തുകയോ സ്വത്ത് നശിപ്പിക്കുകയോ ചെയ്യണമെന്ന് സുഹൃത്ത് മോഹിതുമായി ചേര്‍ന്ന് തീരുമാനിച്ചിരുന്നതായി പ്രതി അമന്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് വ്യക്തമാക്കുന്നു.
പോലീസിന്റെ റിപോര്‍ട്ട് പ്രതിഭാഗം അഭിഭാഷകര്‍ നിഷേധിച്ചു.