കശ്മീര്‍ ചര്‍ച്ചയില്‍ ഇടപെടാതെ യുഎന്‍ രക്ഷാ സമിതി; ഉഭയകക്ഷി വിഷയമെന്ന് അംഗങ്ങള്‍

ന്യുദല്‍ഹി- ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച യുഎസ് രക്ഷാ സമിതി (യുഎന്‍എസ്‌സി) അനൗദ്യോഗിക യോഗം ചേര്‍ന്നെങ്കിലും കാര്യമായ ചര്‍ച്ച നടന്നില്ല. ഇത് ഉഭയകക്ഷി വിഷയാണെന്നും പ്രശ്‌നം പരിഹരിക്കേണ്ടത് ഇരുരാജ്യങ്ങളും തമ്മിലാണെന്നും അംഗ രാജ്യങ്ങള്‍ നിലപാട് സ്വീകരിച്ചതായാണ് റിപോര്‍ട്ട്. പുറത്തു നിന്നുള്ളവരോ രേഖകളോ ഇല്ലാത്ത അനൗദ്യോഗികമായ എഒബി (എനി അദര്‍ ബിസിനസ്) യോഗമാണ് കഴിഞ്ഞ ദിവസം ചേര്‍ന്നത്. യാതൊരു ഫലവുമില്ലാതെയാണ് യോഗം അവസാനിച്ചതെന്നും കഴിഞ്ഞ രണ്ടു തവണയും ഇങ്ങനെ ആയിരുന്നെന്നും യോഗവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

പാക്കിസാന്റെ മറ്റൊരു ശ്രമവും പരാജയപ്പെട്ടു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡര്‍ തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. യുഎന്‍ രക്ഷാ സമിതിയുടെ അനൗദ്യോഗിക യോഗത്തില്‍, ജമ്മു കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നും അതില്‍ രക്ഷാസമിതിയുടെ ശ്രദ്ധ വേണ്ടതില്ലെന്നുമുള്ള നിലപാടാണ് എല്ലാ രാജ്യങ്ങളും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യോഗം നിഷ്ഫലമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാന്‍ തങ്ങളുടെ സൗഹൃദ അയല്‍രാജ്യമായ ചൈനയുടെ പിന്തുണയോടെയാണ് ഈ ചര്‍ച്ചയ്ക്കായി നീക്കം നടത്തിയതെന്നാണ് സൂചന. എന്നാല്‍ യോഗം നിഷ്ഫലമായത് പാക്കിസ്ഥാന് നാണക്കേടായി. യോഗത്തില്‍ ചൈന പോലും മറ്റു അംഗങ്ങളുടെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് യുഎസ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഡൊമിനിക്കന്‍ റിപബ്ലിക്, വിയറ്റ്‌നാം, ഇന്തൊനേസ്യ, സെയ്ന്റ് വിന്‍സെന്റ്, ഗ്രനേഡൈന്‍സ്, എസ്റ്റോനിയ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ പറഞ്ഞു. 


 

Latest News