ന്യൂദല്‍ഹി- പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹരജി സുപ്രീം കോടതി തള്ളി. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും വ്യക്തിപരമായ വിദ്വേഷം കാരണമാണ് പരാതിക്കു പിന്നിലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍, കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ഹരജി പരിഗണിക്കുന്നതിനെ പരാതിക്കാരിയും സംസ്ഥാന സര്‍ക്കാരും എതിര്‍ത്തു. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.