ന്യൂദല്‍ഹി- ഒരിക്കല്‍ സ്ഥാപിക്കപ്പെട്ട പള്ളി എന്നും പള്ളിയായി തുടരും എന്നത് കൊണ്ട് ബാബരി മസ്ജിദ് പള്ളി തന്നെയായിരിക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ശരീഅത് ഇങ്ങനെയാണ് പറയുന്നതെന്ന്, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ബോര്‍ഡ് പറഞ്ഞു.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി അനീതിയാണെന്ന് വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് പള്ളിയായിത്തന്നെ തുടരും. ഹഗിയ സോഫിയ ആണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നതിനുള്ള വിധി അതിനെ ഇല്ലാതാക്കില്ല. ഇതില്‍ ഹൃദയം തകരേണ്ട കാര്യമില്ല. കാര്യങ്ങള്‍ എന്നും ഇങ്ങനെ തുടരില്ല, ഇതു രാഷ്ട്രീയമാണെന്നും പ്രസ്താവന പറയുന്നു.
ഏതെങ്കിലും ആരാധനാലയമോ ക്ഷേത്രമോ തകര്‍ത്തല്ല ബാബരി പള്ളി നിര്‍മിച്ചത് എന്നാണ് ബോര്‍ഡിന്റെ എന്നത്തെയും നിലപാടെന്ന് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വാലി റഹ്മാനി പറഞ്ഞു.