ന്യൂദല്‍ഹി- തൊഴില്‍ നിയമനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള നിയമത്തെ ചോദ്യം ചെയ്ത ഹരജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്കു വിട്ടു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തി 2019 ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ 103-ാം ഭരണഘടനാ ഭേദഗതി നിയമം പാസാക്കിയത്. പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതോടെ സംവരണാനുപാതം 50 ശതമാനത്തില്‍ കൂടുതലാണെന്നും ഇതു ഭരണഘടനക്കു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റി, ജന്‍ഹിത് അഭിയാന്‍ എന്നി സന്നദ്ധ സംഘടനകളാണ് ഹരജി നല്‍കിയത്.