ന്യൂദല്‍ഹി-സിവില്‍ സര്‍വീസ് പരീക്ഷയില്‍ 30 പേര്‍ റാങ്ക് ലിസ്റ്റിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി ജാമിയ മിലിയ സര്‍വ്വകലാശാല. മാനവ വിഭവശേഷി മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്യുന്ന റസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയാണ് 2019ലെ സിവില്‍ സര്‍വ്വീസ് മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഒരു അക്കാദമിയില്‍ നിന്ന് ഏറ്റവുമധികം സിവില്‍ സര്‍വ്വീസുകാര്‍ എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ജാമിയ മിലിയയെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്. ജാമിയ മിലിയയിലെ പരിശീലന കേന്ദ്രത്തില്‍ താമസിച്ച് പഠിച്ച 25 പേരും മോക്ക് ടെസ്റ്റിന് പരിശീലനം നേടിയ അഞ്ച് പേരും അടക്കമാണ് ഈ നേട്ടം. മുപ്പത്തിയൊമ്പതാം റാങ്ക് നേടിയ രുചി ബിന്ദാലാണ് ജാമിയ മിലിയയില്‍ നിന്നുള്ള റാങ്ക് നേട്ടത്തില്‍ മുന്നിലുള്ളത്. റാങ്ക് നേടിയതില്‍ 30 പേരില്‍ 6 പേര്‍ പെണ്‍കുട്ടികളാണെന്ന നേട്ടവും അക്കാദമി സ്വന്തമാക്കി. സിവില്‍ സര്‍വ്വീസ് സ്വപ്നവുമായി എത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് ഇവിടെ പരിശീലനം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമടക്കമാണ് പരിശീലനം.