കൊച്ചി- നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ ഏഴാംപ്രതി പാലക്കാട് നൂറണി സ്വദേശി ഷെരീഫിന്റെ ഭാര്യ സോഫിയയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. വ്യാജ വിവാഹാലോചനയുടെ ഭാഗമായി പയ്യന്റെ മാതാവെന്ന പേരില്‍ സോഫിയയാണ് ഷംനയോട് ഫോണില്‍ സംസാരിച്ചിരുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. കേസിന്റെ ഭാഗമായി പോലീസ് ദ്രോഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സോഫിയ നേരത്തേ രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യം സോഫിയ ഒറ്റയ്ക്കും പിന്നീട് മറ്റു പ്രതികളുടെ ഭാര്യമാരോടൊപ്പവുമാണ് ഹര്‍ജി നല്‍കിയത്. പോലീസ് വീട്ടിലെത്തി പ്രതികള്‍ക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നെന്നും തങ്ങളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ , അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഭാര്യമാരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നു കാട്ടി പോലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതികളുടെ ഭാര്യമാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് സോഫിയയെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതി റഫീഖിന്റെയും സോഫിയയുടെയും ശബ്ദസാംപിളുകള്‍ പരിശോധിക്കും. ശാസ്ത്രീയപരിശോധന നടത്താന്‍ കോടതിയുടെ അനുമതി വാങ്ങും. പ്രതികളുമായി നടത്തിയ ഫോണ്‍വിളികള്‍ ഷംന റെക്കോഡ് ചെയ്തിരുന്നു.