ന്യുദല്‍ഹി-നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കുള്ള സമയപരിധി ആറു മാസം കൂടി നീട്ടി നല്‍കി സുപ്രീം കോടതി. വിചാരണ കോടതി ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം കാലാവധി ജൂലൈയില്‍ അവസാനിച്ചിരുന്നു., ലോക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് കോടതിയെ അറിയിച്ചത്. അതിനാല്‍ സമയം നീട്ടി നല്‍കണമെന്നായിരുന്നു ജഡ്ജിയുടെ ആവശ്യം. കോവിഡ് വ്യാപിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്.
പല തവണ പ്രതികളായ ദിലീപും മറ്റും മേല്‍ക്കോടതികളിലടക്കം ഹര്‍ജി നല്‍കിയതിനാല്‍ കേസിന്റെ വിചാരണ തന്നെ രണ്ടരവര്‍ഷത്തോളം വൈകിയാണ് തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹര്‍ജി നല്‍കി, കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി വര്‍ഗീസിനെ ഈ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത്.
ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടന്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. നിലവില്‍ നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. വിചാരണ സ്‌റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.