പാറ്റ്‌ന- ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശുപാർശ ചെയ്തു. സുശാന്തിന്റെ അച്ഛൻ ഫോണിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐ അന്വേഷണത്തിന് നിതീഷ് കുമാർ ശുപാർശ ചെയ്തത്. നേരത്തെ മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മകന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുശാന്ത് മരിക്കുന്നതിന് ഒരു മാസം മുമ്പേ മുംബൈ പോലീസിനെ സമീപിച്ചെങ്കിലും അവർ ഗൗനിച്ചില്ലെന്നും സുശാന്തിന്റെ അച്ഛൻ പരാതി ഉന്നയിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇക്കാര്യം ബാന്ദ്ര പോലീസിനെ അറിയിച്ചിരുന്നത്. ജൂൺ 14ന് സുശാന്ത് സിംഗ് മരിക്കുകയും ചെയ്തു. സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കാനുള്ള ബിഹാർ പോലീസിന്റെ നീക്കത്തിനെതിരെ സുശാന്തിന്റെ സുഹൃത്ത് റിയ സുപ്രീം കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് നിതീഷ് കുമാർ ശുപാർശ ചെയ്തത്.