ന്യൂദല്‍ഹി- സ്വര്‍ണക്കടത്തുകേസില്‍ തുടര്‍ അന്വേഷണങ്ങള്‍ക്കായി എന്‍.ഐ.എ യു.എ.ഇയിലേക്ക് പോകുമെന്ന് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്.
യു.എ.ഇയിലേക്ക് വിമാനസര്‍വീസ് പുന:സ്ഥാപിച്ച സാഹചര്യത്തിലാണ് അനുമതി തേടിയിരിക്കുന്നത്.
ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ എന്‍.ഐ.എ സംഘം സ്വീകരിക്കും.
യു.എ.ഇയില്‍ നയതന്ത്ര ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് ആരെല്ലാമാണെന്നും ഹവാല പണത്തിന്റെ വിതരണ ശൃംഖല സംബന്ധിച്ചും എന്‍.ഐ.എ അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അവരെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണമെന്നാണ് എന്നാണ് എന്‍ഐഎ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.