Sorry, you need to enable JavaScript to visit this website.

രാജീവ് വധക്കേസ് പ്രതിക്ക് പരോള്‍ നിഷേധിക്കുന്നത് എന്തു കൊണ്ട്? തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി

ചെന്നൈ- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രതികളില്‍ ഒരാളായ എ ജി പേരറിവാളന്റെ ഒരു മാസ പരോള്‍ അപേക്ഷ ശക്തമായി എതിര്‍ക്കുന്നത് എന്തു കൊണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. കേസിലെ ഏഴും പ്രതികളേയും മോചിപ്പിക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭ ശുപാര്‍ശ ചെയ്തിട്ടും പരോള്‍ നിഷേധിക്കുന്നതില്‍ ആശ്ചര്യമുണ്ടെന്നും കോടതി പറഞ്ഞു. എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്‍ക്കരുതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ പബ്ലിക് പ്രൊസിക്യൂട്ടര്‍ എ നടരാജനോട് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതെ എതിര്‍ക്കുകയല്ലെന്നും പരോളിന് അപേക്ഷിക്കാന്‍ മതിയായ കാരണമുണ്ടായിരിക്കണെന്നും പബ്ലിക് പ്രൊസിക്യൂട്ടര്‍ വിശദീകരിച്ചു. 

കഴിഞ്ഞ വര്‍ഷം പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. ജയില്‍ നിയമപ്രകാരം ഇനി മൂന്നു വര്‍ഷത്തിനു ശേഷമെ പരോളിന് അനുമതിയുള്ളൂ. പേരറിവാളന് പല രോഗങ്ങളും ഉണ്ടെങ്കിലും അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നുണ്ട്. ആരോഗ്യ നില കുഴപ്പമില്ലാതെ തുടരുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു. 

എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ജയില്‍ നിയമ പ്രകാരം പരോള്‍ ഇളവുകള്‍ നല്‍കാനും വകുപ്പുണ്ടെന്ന് പേരറിവാളനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശണ്മുഖസുന്ദരം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഈ ഇളവുകള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാറിന്റെ മറുവാദം. ഇതു ഹൈക്കോടതി അംഗീകരിച്ചില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി പരോള്‍ അനുവദിക്കില്ലെന്ന ചട്ടമുണ്ടെങ്കില്‍ അത്തരം ചട്ടങ്ങള്‍ അനാവശ്യമാണെന്നും പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും കോടതി മറുപടി നല്‍കി. 

കേസിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഇരു കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.
 

Latest News