Sorry, you need to enable JavaScript to visit this website.

ഐഎസില്‍ ചേരാന്‍ പോയ ഷമീമാ ബീഗത്തിന്റെ  തിരിച്ചു പോക്കിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ലണ്ടന്‍- ബ്രിട്ടനെ വെല്ലുവിളിച്ചു അഞ്ച് വര്‍ഷം മുന്‍പ് 15ാം വയസില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയ ഷമീമാ ബീഗത്തിന് യുകെയിലേക്ക് മടങ്ങിയെത്താന്‍ ഉടനെ സാധിക്കില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ച ശേഷമേ കഴിയൂ. ഈ വര്‍ഷം തന്നെ സുപ്രീംകോടതി ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിക്കും. അതുവരെ സ്‌റ്റേ അനുവദിക്കാനാണ് മൂന്ന് അപ്പീല്‍ കോടതി ജഡ്ജിമാര്‍ സമ്മതിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബീഗത്തിന്റെ മടങ്ങിവരവ് സുപ്രീംകോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കാനാണ് ലേഡി ജസ്റ്റിസ് കിംഗ്, ലോര്‍ഡ് ജസ്റ്റിസ് സിംഗ്, ലോര്‍ഡ് ജസ്റ്റിസ് ഫ്‌ളോക്‌സ് എന്നിവര്‍ ഉത്തരവിട്ടത്. രാജ്യസുരക്ഷയ്ക്ക് ഇവര്‍ അപകടമാണെന്ന വാദമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഉയര്‍ത്തിയത്. അതുകൊണ്ട് ഇവരെ മടങ്ങിവരാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ബീഗത്തിന്റെ പ്രായമാണ് ഭീകരര്‍ക്കൊപ്പം ചേരാനുള്ള തീരുമാനത്തില്‍ എത്തിച്ചതെന്നതില്‍ അനുതാപം ഉണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സര്‍ ജെയിംസ് ഈഡി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് സിറിയയിലെ ഭീകരര്‍ക്കൊപ്പം ചേരാന്‍ ഇവര്‍ ഇറങ്ങിത്തിരിച്ചത്. സ്വയം വരുത്തിവെച്ച അവസ്ഥയില്‍ എന്ത് വിഷയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. യുകെയിലേക്ക് മടങ്ങുന്നത് രാജ്യത്തിന് ദോഷമാണെന്ന് സര്‍ക്കാര്‍ കരുതുന്നു- ഈഡി ചൂണ്ടിക്കാണിച്ചു.
മനുഷ്യാവകാശ സംഘടനകളും, ബീഗത്തിന്റെ കുടുംബവുമാണ് പൗരത്വം റദ്ദാക്കിയതിന് എതിരായ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബീഗത്തെ സിറിയന്‍ അഭയാര്‍ത്ഥി ക്യാംപില്‍ കണ്ടെത്തിയതോടെ ഇവരുടെ ബ്രിട്ടീഷ് പൗരത്വം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബംഗ്ലാദേശി പാരമ്പര്യമുള്ളതിനാല്‍ ബീഗത്തിന് രാജ്യമില്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ പൗരത്വം ഹോം ഓഫീസ് പിന്‍വലിച്ചത്.എന്നാല്‍ ഹോം ഓഫീസ് തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ മാന്യമായ അവസരം ലഭിച്ചില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ബീഗത്തിന് മടങ്ങിവന്ന് പുതിയ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്.


 

Latest News