ഗുഡ്ഗാവ്- ബീഫ് കടത്തിയെന്നാരോപിച്ച് പട്ടാപകൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടു പേരെ ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തു. പട്ടാപകൽ നടന്ന സംഭവത്തിൽ പോലും പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചത്. കേസിൽ ആറു പ്രതികളാണുള്ളത്. വലിയ ചുറ്റികയും വടികളും ഉപയോഗിച്ച് ലുഖ്മാൻ എന്നയാളെയാണ് സംഘം അക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിക്കപ്പിൽ പോകുകയായിരുന്ന ലുഖ്മാനെ എട്ടു കിലോമീറ്ററോളം പിന്തുടർന്നാണ് സംഘം അക്രമിച്ചത്. വാഹനത്തിൽനിന്ന് വലിച്ചുപുറത്തിട്ട ലുഖ്മാനെ സംഘം അക്രമിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രദീപ് യാദവ് എന്നയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.