ന്യൂദല്‍ഹി- ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അപ്ലിക്കേഷനുകളുള്‍ക്കും വിലക്കേര്‍പ്പെടുതിയ ഇന്ത്യ അടുത്ത ഘട്ടത്തില്‍ ചൈനീസ് യൂണിവേഴ്‌സിറ്റികളുമായുള്ള സഹകരണവും അവസാനിപ്പിച്ചേക്കും. ഏഴു കോളെജുകളും യുണിവേഴ്‌സിറ്റികളുമായി സഹകരിച്ച് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമം പുനപ്പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചൈനയുടെ സ്വാധീനം വളര്‍ന്നു വരുന്നതില്‍ ജാഗ്രത കാട്ടണമെന്ന സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. വിവിധ ഐഐടികളും കേന്ദ്ര യൂണിവേഴ്‌സിറ്റികളും എന്‍ഐടികളും ചൈനീസ് യൂണിവേഴ്‌സിറ്റികളുമായി ഒപ്പുവെച്ച ധാരണാ പത്രങ്ങളും പുനപ്പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമുണ്ട്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിനും യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും വിദ്യാഭ്യാസ മന്ത്രാലയം കത്തയിച്ചിട്ടുണ്ട്.
ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നടത്തുന്ന സ്ഥാപനമാണ് ചൈനീസ് ഭാഷയും സംസ്‌ക്കാരവും പ്രോത്സാഹിക്കാന്‍ ലക്ഷ്യമിട്ടുള്ള കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഈ സ്ഥാപനത്തിനെതിരെ ഇപ്പോള്‍ യുഎസു ബ്രിട്ടനുമടക്കം പല രാജ്യങ്ങളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചൈന വിദേശരാജ്യങ്ങളില്‍ നടത്തുന്ന പ്രൊപഗന്‍ഡയുടെ ഭാഗമാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പൊലിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഉന്നത അംഗങ്ങള്‍ പറഞ്ഞതായും നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.
ഖരഗ്പൂര്‍, ബോംബെ, മദ്രാസ്, ദല്‍ഹി, ഗുവാഹത്തി, റൂര്‍ക്കി, ഗാന്ധിനഗര്‍, ഭുവനേശ്വര്‍ ഐഐടികള്‍ക്കും ദുര്‍ഗാപൂര്‍, സുറത്കല്‍, വാറങ്കല്‍ എന്‍ഐടികള്‍ക്കും കൊല്‍ക്കത്ത ഐഐഎസ്ഇആര്‍, ഐഐഎസ് സി ബാംഗ്ലൂര്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, മണിപൂര്‍ യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബ് എന്നീ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിവിധ ചൈനീസ് സര്‍വകലാശാലകളുമായി വിദ്യാഭ്യാസ സഹകരണ കരാറുണ്ട്.