Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വെന്റിലേറ്ററുകളുടെ കയറ്റുമതി വിലക്ക് പിന്‍വലിച്ചു

ന്യുദല്‍ഹി- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിലക്കേര്‍പ്പെടുത്തിയ ഇന്ത്യന്‍ നിര്‍മിത വെന്റിലേറ്ററുകളുടെ കയറ്റുമതിക്ക് വീണ്ടും അനുമതി. കോവിഡ് കാര്യ മന്ത്രിതല സമിതി വിലക്ക് പിന്‍വലിക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിനേയും അറിയിച്ചതായും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇന്ത്യ ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ എണ്ണം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി കൈവരിച്ചിട്ടുണ്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചു തുടങ്ങുമ്പോള്‍ ആറു മാസം മുമ്പ് വിരലിലെണ്ണാവുന്ന വെന്റിലേറ്റര്‍ നിര്‍മാതാക്കളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നിരവധി കമ്പനികള്‍ തദ്ദേശീയമായി വെന്റിലേറ്ററുകള്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങി. ഇതിനു പുറമെ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്ക് യാന്ത്രിക ശ്വസന സഹായിയുടെ ആവശ്യം അധികമായി വരുന്നില്ലെന്നും ഓക്‌സിജന്‍ തെറപിയാണ് കൂടുതലായി ആവശ്യമായി വരുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതി വിലക്ക് നീക്കിയത്.

നേരത്തെ ഏതാനും വന്‍കിട കമ്പനികള്‍ ഒരു മാസം 50-100 വെന്റിലേറ്ററുകള്‍ മാത്രമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ കമ്പനികള്‍ക്ക് 5000 മുതല്‍ 10000 വരെ വെന്റിലേറ്ററുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. വെന്റിലേറ്ററുകളുടെ ലഭ്യതാ കുറവ് കോവിഡ് ചികിത്സയ്ക്ക് വിഘാതമായേക്കും എന്നു വിലയിരുത്തിയാണ് നേരത്തെ വെന്റിലേറ്റര്‍ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
 

Latest News