കൊല്‍ക്കത്ത- ഒരു സ്വകാര്യ ലാബ് വ്യാജമായി നടത്തിയ കോവിഡ് ടെസ്റ്റില്‍ രോഗമില്ലെന്ന് 'സ്ഥിരീകരിച്ച' ബാങ്ക് മാനേജര്‍ കോവിഡ് ബാധ രൂക്ഷമായി മരണത്തിനു കീഴടങ്ങി. കൊല്‍ക്കത്ത സ്വദേശിയായ 57കാരന്‍ ബിമല്‍ സിന്‍ഹയാണ് മരിച്ചത്. 2000 രൂപ ഈടാക്കി തെറ്റായ സ്വാബ് ടെസ്റ്റ് റിപോര്‍ട്ട് നല്‍കിയവര്‍ക്കെതിരെ സിന്‍ഹയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ടെസ്റ്റ് നടത്തി കൂടുതല്‍ പേരെ കബളിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. സിന്‍ഹയ്ക്കു ആദ്യം നല്‍കിയ സ്വാബ് ടെസ്റ്റ് റിപോര്‍ട്ട് കൈ കൊണ്ടേഴുതിയതാണ്. ഇതില്‍ ഒമ്പതക്ക നമ്പര്‍ മാത്രമാണുള്ളത്. എന്നാല്‍ യഥാര്‍ത്ഥ റിപോര്‍ട്ടുകള്‍ ടൈപ് ചെയ്തവയായിരിക്കുമെന്നും 13 അക്ക നമ്പര്‍ ഉണ്ടായിരിക്കുമെന്നും കൊല്‍ക്കത്തയിലെ എംആര്‍ ബംഗുര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. ആ റിപോര്‍ട്ട് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
പനിയും ചുമയും ജലദോഷവുമുണ്ടായിരുന്ന ബിമല്‍ സിന്‍ഹയോട് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ ലാബ് നടത്തുന്നയാളെ റഫര്‍ ചെയ്തത് കുടുംബ ഡോക്ടറാണ്. അസുഖം കാരണം പുറത്തിറങ്ങാന്‍ കഴിയാതിരുന്നതിനാല്‍ ഇവര്‍ വീട്ടിലെത്തി പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിക്കുമെന്നും പറഞ്ഞിരുന്നു. സിന്‍ഹയുടെ കുടുംബം ലാബില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു യുവാവിനെ വീട്ടിലേക്കയച്ച് സാംപിള്‍ ശേഖരിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞ് ഫലം നെഗറ്റീവാണെന്ന് ഫോണിലൂടെ അറിയിച്ചു. ടെസ്റ്റ് റിപോര്‍ട്ട് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ കൈകൊണ്ടെഴുതിയ റിപോര്‍ട്ട് കൊടുത്തയക്കുകയായിരുന്നു. കോവിഡ് നെഗറ്റീവാണെന്ന വാട്‌സാപ്പിലും മെസേജ് നല്‍കിയതായും പോലീസ് പറഞ്ഞു.
ഇതിനിടെ ആരോഗ്യനില മോശമായിതിനെ തുടര്‍ന്ന് സിന്‍ഹയെ എംആര്‍ ബംഗുര്‍ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റിപോര്‍ട്ടില്‍ സംശയം തോന്നിയ ഡോക്ടര്‍മാരാണ് ഇതു വ്യാജമാണെന്നു അറിയിച്ചത്.
പ്രശ്‌സത ലാബിലാണ് ടെസ്റ്റ് നടത്തുക എന്നു തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ സാംപിള്‍ ശേഖരിച്ചു കൊണ്ടു പോകുകയും വ്യാജ റിപോര്‍ട്ട് നല്‍കുകയും ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ പറഞ്ഞ ലാബില്‍ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും തെളിഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. രണ്ടു സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് കരാര്‍ ടെക്‌നീഷ്യന്‍മാരായി ജോലി ചെയ്യുന്ന സഹോദരങ്ങളായ ഇന്ദ്രജിത് സര്‍ക്കാര്‍, ബിസ്വജിത് സര്‍ക്കാര്‍ എന്നിവരേയും സ്വകാര്യ ലാബ് നടത്തുന്ന അനിത് പൈറ എന്നയാളുമാണ് പിടിയിലായത്.