കണ്ണൂര്‍- മഹാമാരി കാലത്ത് മാരിത്തെയ്യങ്ങളും കര്‍ക്കടകോത്തിയുമില്ല. ഇതാദ്യമായാണ് വടക്കെ മലബാറില്‍ ഈ തെയ്യങ്ങള്‍ ഇല്ലാതാവുന്നത്.
കോവിഡ് മഹാമാരി വിഘ്‌നം തീര്‍ത്തതോടെയാണ് വിഘ്‌നങ്ങളകറ്റാനെത്തുന്ന ഈ തെയ്യങ്ങള്‍ അണിയറയിലേക്ക് മറഞ്ഞത്.കര്‍ക്കടകം പിറന്നാലാണ് വടക്കെ മലബാറില്‍ കര്‍ക്കടകോത്തിയെന്ന കുഞ്ഞി തെയ്യം എത്താറുളളത്.
കര്‍ക്കടക മാസത്തിലെ പതിനാറാം നാളില്‍ ഇത്തവണ മാടായിക്കാവില്‍ മാരി തെയ്യങ്ങള്‍ ഉറഞ്ഞാടിയില്ല. എല്ലാ വര്‍ഷവും കര്‍ക്കടകം 16ന് രാവിലെ പുലയ സമുദായത്തിലെ കാരണവരും പൊള്ളയും കോലധാരികളും കുളിച്ചുതൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയില്‍ നിന്ന് വാങ്ങിച്ച് ഇവര്‍ക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകള്‍ തുടങ്ങിയിരുന്നത്.
മലനാടിനെ ബാധിച്ച ശനിയെ ഉച്ചാടനം ചെയ്യാന്‍ മഹാമാന്ത്രികര്‍ പരാജയപ്പെട്ടിടത്ത് പുലയ സമുദായത്തിലുള്ള പൊള്ളയെ വിളിച്ചുവരുത്തി കര്‍മങ്ങള്‍ ചെയ്യിച്ച് നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും വരുത്തിയെന്ന ഐതിഹ്യമാണ് മാരിത്തെയ്യങ്ങളുടേത്. കാവില്‍നിന്ന് കെട്ടി പുറപ്പെടുന്ന മാരി കരുവന്‍, മാമാരികരുവന്‍, മാരികലിച്ചി, മാമാരി കലിച്ചി, മാരിഗുളികന്‍, മാമാരി ഗുളികന്‍ തുടങ്ങിയ തെയ്യക്കോലങ്ങള്‍ നാട്ടില്‍ ചുറ്റി സഞ്ചരിച്ചു ദുരിതങ്ങളെ ആവാഹിച്ച് ഉറഞ്ഞുതുള്ളി കടലില്‍ ശനിയെ ഒഴുക്കുന്നതോടെയാണ് മാരിത്തെയ്യത്തിന്റെ സമാപനം.
നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്താന്‍ കഴിയാത്തതിനാലാണ് ചടങ്ങ് ഉപേക്ഷിച്ചത്.