ഫ്‌ളോറിഡ- അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം അമേരിക്കയിൽ തന്നെ സംസ്‌കരിക്കും. മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാലാണിത്. അടുത്ത ശനിയാഴ്ചയാണ് സംസ്‌കാരം.
തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മെറിന്റെ മരണമൊഴി. കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കൻ പൊലീസിന്റെ പിടിയിലാണ്. സൗത്ത് ഫ്‌ലോറിഡ കോറൽ സ്പ്രിങ്‌സ് ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഹീന കൃത്യം നടന്നത്. പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു മെറിനെ കുത്തിവീഴ്ത്തുകയും കാർ കയറ്റി കൊല്ലുകയുമായിരുന്നു.