ശ്രീനഗര്‍- ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയതിനു ശേഷം പുതിയ ചട്ടങ്ങള്‍ പ്രകാരം നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനിടെ ലഭിച്ചവരില്‍ 78 ശതമാനവും ജമ്മു നിവാസികള്‍. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കിയതിനു ശേഷം ഒരു മാസത്തിനിടെ 3.7 ലക്ഷത്തോളം പേര്‍ക്കാണ് താമസരേഖ അനുവദിച്ചത്. ഇവരില്‍ 22 ശതമാനം മാത്രമെ കശ്മീരികള്‍ ഉള്ളൂ. താമസ രേഖ ലഭിച്ചവരില്‍ ഭൂരിപക്ഷം പേരും നേരത്തെ തന്നെ ജമ്മുവിലും കശ്മീരിലുമായി വര്‍ഷങ്ങളായി കഴിയുന്നവരാണ്. റദ്ദാക്കപ്പെട്ട ഭരണഘടനാ വകുപ്പു 35എ പ്രകാരം ഇവരെ സ്ഥിരതാമസക്കാരായി പരിഗണിക്കപ്പെട്ടിരുന്നില്ല. ജമ്മുവില്‍ 2.9 ലക്ഷം പേര്‍ക്ക് താമസ രേഖ അനുവദിച്ചപ്പോള്‍ കശ്മീരില്‍ 79,300 പേര്‍ക്കു മാത്രമാണ് അനുവദിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.
പുതുതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തെ സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും യോഗ്യത നിര്‍ണയിക്കുന്നതില്‍ സുപ്രധാന രേഖയാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്. ഈ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഭൂരിപക്ഷം പേരും ഈ സര്‍ട്ടിഫിക്കറ്റില്‍ അപേക്ഷിക്കുന്നതും.
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ ശേഷം സ്ഥിരതാമസ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഗുഢ നീക്കങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് സ്ഥിരതാമസക്കാരെന്ന പദവി നല്‍കി നിര്‍ബന്ധപൂര്‍വം മേഖലയിലെ ജനസംഖ്യാ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടികളെന്നും ആരോപണമുണ്ട്.
അതേസമയം കൂടുതല്‍ അപേക്ഷകള്‍ ജമ്മുവില്‍ നിന്ന് ലഭിച്ചതിനാലാണ് അനുവദിക്കപ്പെട്ട താമസ രേഖകളുടെ എണ്ണത്തിലും വര്‍ധനയെന്ന് ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേഖലാ കേന്ദ്രീകൃതമായി താമസ രേഖ അനുവദിക്കുന്നില്ലെന്നും ഉദ്യോഗ്സ്ഥന്‍ പറഞ്ഞു.
പുതുതായി താമസരേഖ ലഭിച്ചവരില്‍ 20,000ലേറെ പേര്‍ വെസ്റ്റ് പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജമ്മു കശ്മീരിലെത്തിക്കുകയും പിന്നീട് ഇവിടെ താമസമാക്കുകയും ചെയ്ത രണ്ടായിരത്തോളം ശുചീകര തൊഴിലാളികള്‍, 700 ഗൂര്‍ഖകള്‍ എന്നിവരും സ്ഥിരതാമസ രേഖ ലഭിച്ചവരില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്ത്ര മന്ത്രാല വൃത്തങ്ങള്‍ പറയുന്നു.