ന്യൂദല്‍ഹി- ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സര്‍ക്കാര്‍ ബിജെപിക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇടഞ്ഞ മുതിര്‍ന്ന നേതാക്കളായ ശരത് യാദവിനേയും അലി അന്‍വറിനേയും ഉടന്‍ രാജ്യസഭയില്‍ നിന്ന് അയോഗ്യരാക്കിയേക്കും. ഭരണഘടനയനുസരിച്ച് ഇരുവരേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജെഡിയു രാജ്യസഭാ നേതാവ് റാം ചന്ദ്ര പ്രസാദ് സിങ് രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സമീപിച്ചിട്ടുണ്ട്.
പ്രസാദ് സിങ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴിഞ്ഞ മാസം രാജ്യസഭാ സെക്രട്ടറിയേറ്റ് യാദവില്‍ നിന്നും അന്‍വറില്‍ നിന്നും മറുപടി തേടിയിരുന്നു. ഇതിനു മറുപടി നല്‍കാന്‍ ഇരുവരും ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ച മാത്രമാണ് അധികം അനുവദിച്ചത്. സെപ്തംബര്‍ 22-ന് ഇരു നേതാക്കളും മറുപടി നല്‍കുകയും ചെയ്തിരുന്നു.
ഇത്തരം പരാതികള്‍ വരുമ്പോള്‍ സാധാരണ രാജ്യസഭാധ്യക്ഷന്‍ ഇതു എത്തിക്‌സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടുകയാണ് ആദ്യം ചെയ്യുക. എന്നാല്‍ ശരത് യാദവിന്റേയും അലി അന്‍വറിന്റേയും കാര്യത്തില്‍ തനിക്കു മുമ്പിലെത്തിയ പരാതികളില്‍ വെങ്കയ്യ നായിഡു തന്നെ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. അഴിമതി, ക്രമക്കേട് തുടങ്ങിയ പരാതികളിലാണ് എത്തിക്‌സ് കമ്മിറ്റിയുടെ പരിശോധന ആവശ്യമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ജെഡിയുവിലെ വിഭജനം വ്യക്തമാണെന്നും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തോടൊപ്പം ഇരു നേതാക്കളും ഇല്ലെന്നും വ്യക്തമാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ വകുപ്പ് 2(1)(എ) അനുസരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയായി പാര്‍ലമെന്റിലെത്തിയ അംഗം പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതോടെ പാര്‍ലമെന്റ് അംഗത്വവും നഷ്ടമാകും.