ന്യൂദല്‍ഹി- ഇസ്രാഈലി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച, 30 സെക്കന്‍ഡില്‍ കോവിഡ്19 രോഗബാധ തിരിച്ചറിയാവുന്ന പരിശോധനാ സാങ്കേതികവിദ്യകള്‍ ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പരീക്ഷിക്കുന്നു. ഇസ്രാഈലിന്റെ പ്രതിരോധ ഗവേഷണ ഏജന്‍സിയും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഓയും കേന്ദ്ര ശാസ്ത്ര ഗവേഷണ ഏജന്‍സിയായ സിഎസ്‌ഐആറും സംയുക്തമായാണ് ഈ പരീക്ഷണം നടത്തുന്നത്. നാലു പരിശോധനാ സാങ്കേതികവിദ്യകളാണ് പതിനായിരത്തോളം പേരില്‍ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇവരെ രണ്ടു തവണ ടെസ്റ്റിന് വിധേയരാക്കും. നിലവില്‍ ഏറ്റവും കൃത്യതയുള്ള ഫലം നല്‍കുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷം പുതിയ നാലു ഇസ്രാഈലി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ടെസ്റ്റുകളും ഇവരില്‍ നടത്തിയാണ് പരീക്ഷിക്കുന്നത്. പുതിയ ടെസ്റ്റുകള്‍ രോഗികള്‍ പ്രയോഗികമാണോ എന്നറിയാനാണിത്. ഈ പുതിയ ടെസ്റ്റുകളില്‍ മനുഷ്യരില്‍ നിന്ന് സ്രവ സാംപിളെടുക്കുന്നില്ല. ശ്വസനമാപിനി (ബ്രെതലെയ്‌സര്‍) പോലുള്ള ഒരു ഉപകരണത്തിനു മുന്നില്‍ നിന്ന് ഊതുകയോ സംസാരിക്കുകയോ ചെയ്താല്‍ മതി. ഉപകരണം സ്വമേധയാ സാംപിളുകള്‍ എടുത്ത് പരിശോധിക്കും.
പരീക്ഷണം വിജയകരമായാല്‍ കോവിഡ് പരിശോധന ഏറ്റവും ലളിതമാകും. മാത്രവുമല്ല, വാക്‌സിന്‍ വരുന്നതു വരെ കോവിഡിനൊപ്പമുള്ള മനുഷ്യജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഈ ടെസ്റ്റിങ് സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
നാലു വ്യത്യസത തരം ടെസ്റ്റുകളാണ് ഇസ്രാഈലി ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇവയില്‍ രണ്ടോ അതിലധികമോ ടെസ്റ്റ് സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചതായിരിക്കും അന്തിമ ടെസ്റ്റിന് ഉപയോഗിക്കുക. ഇന്ത്യയുടെ ഉല്‍പ്പാദനശേഷിയാണ് പരീക്ഷണത്തിനായി ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഇസ്രാഈലി സ്ഥാനപതി റോണ്‍ മല്‍ക പറഞ്ഞു.