Sorry, you need to enable JavaScript to visit this website.

പോലിസ് നോക്കി നില്‍ക്കെ ഗോരക്ഷാ ഗുണ്ടകള്‍ മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ചു

ഗുഡ്ഗാവ്- പോലീസും ആള്‍ക്കൂട്ടവും നോക്കി നില്‍ക്കെ ഒരു സംഘം ഗോരക്ഷാ ഗുണ്ടകള്‍ മുസ്‌ലിം യുവാവിനെ ഹാമര്‍ കൊണ്ട് അടിച്ചും ചവിട്ടിയും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. 2015ലെ ദാദ്രി ആള്‍ക്കൂട്ട കൊലപാതകത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംഭവം. ദല്‍ഹിക്കടുത്ത ഗുഡ്ഗാവില്‍ വെള്ളിയാഴ്ച രാവിലെയാണ് അക്രമം നടന്നത്. തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. മര്‍ദനമേറ്റ ലുഖ്മാന്‍ എന്ന യുവാവ് ഓടിച്ചിരുന്ന പിക്കപ്പ് ട്രക്കിനെ എട്ടു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് അക്രമികള്‍ പിടികൂടി മര്‍ദിച്ചത്. പശു മാംസം കൊണ്ടു പോകുകയാണെന്ന സംശയിച്ചാണ് ഡ്രൈവറായ ലുഖ്മാനെ ട്രക്കില്‍ നിന്നും വലിച്ചിറക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മര്‍ദനം തടഞ്ഞ് അക്രമികളെ പിടികൂടുന്നതിനു പകരം ട്രക്കിലുണ്ടായിരുന്ന മാംസം പരിശോധനയ്ക്കായി അയക്കുന്നതിനാണ് തിടുക്കം കാട്ടിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളുടെ മുഖം വ്യക്തമാണെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. തിരിച്ചറിയാത്ത ഏതാനും പേര്‍ക്കെതിരെ കേസെടുക്കുക മാത്രമാണ് ചെയ്തത്. 

മര്‍ദനമേറ്റ് അവശനായ ലുഖ്മാനെ പ്രതികള്‍ പിക്കപ്പ് ട്രക്കിലിട്ട് ബാദ്ഷാപൂര്‍ ഗ്രാമത്തില്‍ എത്തിച്ച് വീണ്ടും ക്രൂരമായി മര്‍ദിക്കുന്നത് തുടര്‍ന്നു. ഈ ഘട്ടത്തിലാണ് പോലീസ് അക്രമികളെ തടഞ്ഞത്. ലുഖ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താന്‍ 50 വര്‍ഷമായി പോത്തിറച്ചി ബിസിനസ് ചെയ്തു വരുന്നയാളാണെന്ന് പിക്കപ് ഉടമ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ പ്രതികരിച്ചിട്ടില്ല.

Latest News