തിരുവനന്തപുരം-സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്ന സുരേഷിനൊപ്പം ബാങ്കില്‍ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിന് മൊഴി നല്കി. സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍ഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയത്.
ബാങ്ക് ലോക്കറില്‍ വച്ചത് റിയല്‍ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. യുഎഇ കോണ്‍സുല്‍ ജനറല്‍ കൂടി പങ്കാളിയായ ഇടപാടില്‍ പങ്കുവച്ചത് കോടികളാാണ്. ഇതില്‍ കിട്ടിയ പണമാണ് ലോക്കറില്‍ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്ത് കേസില്‍ ഇനി നിര്‍ണ്ണായകം പ്രധാന പ്രതി ടികെ റമീസിന്റെ മൊഴിയും ഡിജിറ്റല്‍ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം.