ചെന്നൈ- താന്‍ ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി നടിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. ബി.ജെ.പിയിലേക്ക് ഇല്ലെന്ന് അവര്‍ വ്യക്തമാക്കി.
കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രതികരണമായ ഖുശ്ബുവില്‍നിന്ന് ഉണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ വിശദീകരണവുമായി അവര്‍ രംഗത്തെത്തി.
സംഘികള്‍ ആഹ്ലാദിക്കേണ്ട, ശാന്തരാകൂ എന്ന് അവര്‍ ട്വീറ്റ് ചെയ്തു. താന്‍ ബി.ജെ.പിയിലേക്ക് ഇല്ല. തന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് താന്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പലരും വിമര്‍ശിക്കുകയും പലരും പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാല്‍ മാറ്റങ്ങളെ താന്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്നില്ല. നല്ലവശങ്ങളും മോശമായ വശങ്ങളും അതിനുണ്ട്. അതെല്ലാം ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.