കാബൂൾ- അഫ്ഗാനിസ്ഥാനില്‍ 500 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് അശ്റഫ് ഗനി ഉത്തരവിട്ടു. ദീർഘകാലമായിട്ടും ആരംഭിക്കാനാകാത്ത സമാധാന ചർച്ച തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് തടവുകാരെ വിട്ടയക്കുന്നത്. ഈദുല്‍ അദ്ഹാ പ്രമാണിച്ചാണ് തടവുകാരെ വിട്ടയക്കുന്നതെന്നും മൂന്ന് ദിവസം ദേശീയ വെടിനിർത്തല്‍ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.
താലിബാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച കരാർ പ്രകാരം 5,000 താലിബാൻ പോരാളികളെ മോചിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതോടെ പൂർത്തിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വിട്ടയക്കുന്ന 500 പേർ നേരത്തെ തയാറാക്കിയ പട്ടികയിലുള്ളവരല്ല.
4,600 പേരെ അധികൃതർ ഇതിനകം വിട്ടയച്ചിട്ടുണ്ടെങ്കിലും അവസാന 400 പേരെ മോചിപ്പിക്കുന്നതിൽ സർക്കാർ മടി കാണിച്ചിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന 400 താലിബാൻ തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് അധികാരമില്ലെന്നും മുതിർന്ന അഫ്ഗാൻ പൗരന്മാരുടെ യോഗമാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും ഗനി പറയുന്നു.