അമൃതസര്‍-പഞ്ചാബിലെ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് 21പേര്‍ മരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമൃതസര്‍, ബറ്റാല, തന്‍ താരന്‍ എന്നീ ജില്ലകളില്‍ ബുധനാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. അമൃതസറിലെ മുച്ചാല്‍, താന്‍ഗ്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച ബറ്റാലയില്‍ അഞ്ച് പേരും തന്‍ താരയില്‍ നാല് പേരും മരിച്ചു.
മുച്ചാല്‍ ഗ്രാമത്തില്‍ ചിലര്‍ വീടുകളില്‍ അനധികൃതമായി മദ്യം ഉണ്ടാക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ മുച്ചാല്‍ ഗ്രാമാവാസിയായ ബല്‍വീന്ദര്‍ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.