അമരാവതി- വെള്ളത്തിലും ലഘുപാനീയങ്ങളിലും സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ച് ആന്ധ്ര പ്രദേശില്‍ ഒമ്പതു പേര്‍ മരിച്ചു. പ്രകാശം ജില്ലയിലാണ സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ കുടിവെളളത്തിലും ലഘുപാനീയങ്ങളിലും സാനിറ്റൈസര്‍ കലര്‍ത്തി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് ജില്ലാ പോലീസ് സുപ്രണ്ട് സിദ്ധാര്‍ത്ഥ് കൗശല്‍ പറഞ്ഞു. ഇവര്‍ കുടിച്ച പാനീയത്തില്‍ മറ്റു വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മരിച്ചവര്‍ പത്തു ദിവസത്തോളമായി ഈ പാനീയം കുടിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പ്രകാശം ജില്ലയില്‍ കോവീഡ് കേസുകള്‍ വര്‍ധിച്ചതോടെ ലോക്ഡൗണിലാണ്. ഇവിടെ മദ്യശാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. സ്ഥിരം മദ്യപാനികള്‍ അനധികൃതമായി വാറ്റിയ മദ്യവും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ കലര്‍ത്തിയ വെള്ളവുമാണ് കുടിച്ചു വരുന്നതെന്നും റിപോര്‍ട്ടുകളുണ്ട്.
വ്യാഴാഴ്ച രാത്രി ഒരു ക്ഷേത്രത്തിനു സമീപം രണ്ടു യാചകരാണ് ഇതു കുടിച്ച് ആദ്യം മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. രാത്രി വൈകി മറ്റൊരാളെ കൂടി മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മറ്റു ആറു പേര്‍ മരിച്ചത്. ഇതു കുടിച്ച ഏതാനും പേര്‍ ചികിത്സയിലാണ്.