ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞു. ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന് നേരത്തെ കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലൂട്യന്‍സിലെ 35 ലോധി എസ്‌റ്റേറ്റിലെ സര്‍ക്കാര്‍ വസതി പ്രിയങ്ക ഒഴിഞ്ഞത്.
1997 മുതല്‍ ഈ ബംഗ്ലാവിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ബംഗ്ലാവ് ഒഴിയണമെന്ന് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെ ബി.ജെ.പി വക്താവും എം.പിയുമായ അനില്‍ ബലൂണിക്ക് ഇതേ ബംഗ്ലാവ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള ബന്ധുവിന്റെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ അവര്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും.