ബെയ്ജിങ്-അമേരിക്കചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ചൈനക്ക് മുകളിലൂടെ വട്ടമിട്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍. ചൈനയിലെ ഷാങ്ഹായിക്കു തൊട്ടടുത്തുവരെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പറന്നെന്നാണ് വിവരം. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ചൈനീസ് മേഖലയ്ക്ക് ഇത്രയടുത്തേക്ക് യുഎസ് യുദ്ധവിമാനങ്ങള്‍ എത്തുന്നത് ആദ്യമായാണ്.ഒരു യുഎസ് പോര്‍വിമാനം ഷാങ്ഹായിക്ക് 76.5 കിലോമീറ്റര്‍ വരെ അടുത്തെത്തിയെന്നാണു റിപ്പോര്‍ട്ട്. ഒരു വിമാനം ഫുജിയാന്‍ തീരത്തുനിന്ന് 106 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. അമേരിക്കയുടെ പി8എ അന്തര്‍വാഹിനിവേധ പോര്‍വിമാനവും ഇപി3ഇ നിരീക്ഷണ വിമാനവും തയ്വാന്‍ കടലിടുക്കിലൂടെ കടന്ന് ഷെജിയാങ്, ഫുജിയാന്‍ തീരത്തിനു സമീപത്തുകൂടി ഞായറാഴ്ച പറന്നുവെന്നാണു റിപ്പോര്‍ട്ട്.
യുഎസ്എസ് റഫാല്‍ പെരാള്‍ട്ട എന്ന യുദ്ധക്കപ്പലും ഷാങ്ഹായ്ക്കു സമീപം പ്രവര്‍ത്തിച്ചിരുന്നുവെന്നും സൂചനയുണ്ട്. കഴിഞ്ഞ 12 ദിവസം തുടര്‍ച്ചയായി യുഎസ് പോര്‍വിമാനങ്ങള്‍ ചൈനീസ് മേഖലയ്ക്കു സമീപത്തു കൂടി പറക്കുന്നുണ്ടെന്നു പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാരവൃത്തി ആരോപിച്ച് അമേരിക്ക ഹൂസ്റ്റണിലെയും ടെക്‌സസിലെയും ചൈനീസ് കോണ്‍സുലേറ്റുകള്‍ അടയ്ക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ ചൈനയും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് യുഎസ് പോര്‍വിമാനങ്ങള്‍ ചൈനക്ക് മുകളിലൂടെ പറക്കുന്നത്.