ന്യൂദല്‍ഹി- സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും അടിമുടി അഴിച്ചുപണിയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. സാങ്കേതിക വിദ്യയിലൂന്നിയുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് വരുന്നത്. 2030 ഓടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് നയം ലക്ഷ്യമാക്കുന്നത്. മൂന്ന് വയസ്സു മുതല്‍ 18 വയസ്സ് വരെ നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും. പുതുതായി ഏര്‍പ്പെടുത്തുന്ന 5 + 3 + 3 + 4 സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീസ്‌കൂള്‍ വിദ്യാഭ്യാസവുമായിരിക്കും.
നിലവിലെ 10+2 ഘടന ഒഴിവാക്കി പകരം യഥാക്രം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികള്‍ക്കായി 5+3+3+4 എന്നതാണ് പുതിയ രീതി.
പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ 18 വര്‍ഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കും. എം.ഫില്‍ നിര്‍ത്തലാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം.
അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ മൂന്നോ നാലോ വര്‍ഷമായിരിക്കും. ഈ കോഴ്‌സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്ക് വച്ച് നിര്‍ത്താനും ഇടവേളയെടുക്കാനും നയം അനുവാദം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞ് പഠനം നിര്‍ത്തിയാല്‍ അതുവരെ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിയമം, ആരോഗ്യം ഒഴികെയുള്ള എല്ലാ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു അതോറിറ്റിയുടെ കീഴിലായിരിക്കും. പി.ജി. പഠനം ഒന്നോ രണ്ടോ വര്‍ഷമാകാം. ബിരുദ, ബിരുദാനന്ദര കോഴ്‌സുകള്‍ അഞ്ച് വര്‍ഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സായിരിക്കും.
വെറും പഠനത്തെക്കാള്‍ അറിവിനാണ് പ്രാധാന്യം കൊടുക്കുക. ബോര്‍ഡ് പരീക്ഷകള്‍ ഊന്നല്‍ നല്‍കുക അറിവിനായിരിക്കും. അധ്യാപകരുടെ വിലയിരുത്തല്‍ കൂടാതെ സഹവിദ്യാര്‍ഥികളുടെ വിലയിരുത്തല്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കും ഇനി മുതല്‍ റിപ്പോര്‍ട്ട് കാര്‍ഡ്. 34 വര്‍ഷമായി വിദ്യാഭ്യാസ നയത്തില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മാനവശേഷി വകുപ്പ് ഇനിമുതല്‍ വിദ്യാഭ്യാസ വകുപ്പായി അറിയപ്പെടും.