റിയാദ് - സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ ജൂൺ മാസത്തിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 1,396 കോടി റിയാൽ. കഴിഞ്ഞ കൊല്ലം ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം വിദേശികളുടെ റെമിറ്റൻസ് 60 ശതമാനം തോതിൽ വർധിച്ചു. 2019 ജൂണിൽ വിദേശികളുടെ റെമിറ്റൻസ് 870 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വിദേശികൾ 524 കോടി റിയാൽ അധികം സ്വദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ മാസം വിദേശികളുടെ റെമിറ്റൻസ് 30 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണ്. 2017 ഡിസംബറിനു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റൻസ് ഇത്രയും ഉയരുന്നത്.
മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വിദേശികൾ അയച്ച പണത്തിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തി. മേയിൽ വിദേശികളുടെ റെമിറ്റൻസ് 1,180 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ജൂണിൽ വിദേശികൾ 213 കോടി റിയാൽ അധികം അയച്ചു. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ സൗദിയിലെ വിദേശികൾ ആകെ 6,944 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ വിദേശികളുടെ റെമിറ്റൻസിൽ 13.2 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യത്തെ ആറു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസ് 6,136 കോടി റിയാലായിരുന്നു.
ജൂണിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണം 17.1 ശതമാനം തോതിൽ വർധിച്ചു. ജൂണിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ 411 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2019 ജൂണിൽ ഇത് 350 കോടി റിയാലായിരുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ സ്വദേശികൾ വിദേശത്തേക്ക് അയച്ച പണത്തിൽ 38 ശതമാനം വളർച്ച രേഖപ്പെടുത്തി. മേയിൽ 297 കോടി റിയാലാണ് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചതെന്നും കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.