Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വീണ്ടും വ്യാജ വാര്‍ത്ത; ഇക്കുറി സന്ദര്‍ശക വിസ ഉദാരമാക്കി

അല്‍മദീന ന്യൂസ് പേപ്പറില്‍ വന്ന വാര്‍ത്ത

റിയാദ് - വിദേശികളുടെ അടുത്ത ബന്ധുക്കള്‍ക്ക് മൂന്നു മാസത്തേക്ക് താല്‍ക്കാലിക സന്ദര്‍ശക വിസ മുഹറം ഒന്നു മുതല്‍ അനുവദിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം.
ഹജ് സീസണില്‍ അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍ വിസയെ കുറിച്ച് തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പത്രമായ അല്‍മദീന 2015 സെപ്റ്റംബര്‍ 19 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയെ ആധാരമാക്കിയാണ് ഈ വാര്‍ത്ത ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.
ഹജ് സീസണില്‍ താല്‍ക്കാലിക തൊഴില്‍ വിസകള്‍ നാലു മാസത്തേക്ക് ആയിരം റിയാല്‍ ഫീസടച്ചാല്‍ ലഭിക്കുമെന്നും ഇത് സാധാരണ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ സാധിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം 2015 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു. ശവ്വാല്‍ മാസത്തില്‍ സൗദിയിലേക്ക് പ്രവേശിച്ച് മുഹറം അവസാനം രാജ്യം വിട്ടുപോവുന്ന നിലയില്‍ നാലു മാസത്തേക്കാണ് ഈ വിസ അനുവദിക്കുക. അത് പുതുക്കാനാകില്ല എന്നു മാത്രമല്ല, അവര്‍ രാജ്യം വിട്ടുപോയെന്ന് തൊഴിലുടമ ഉറപ്പു വരുത്തുകയും വേണം. ഈ വിസ ആവശ്യമുള്ള തൊഴിലുടമകള്‍ അതിന് അപേക്ഷിക്കേണ്ട രീതിയും തൊഴിലാളികളെ കൊണ്ടുവരേണ്ട വ്യവസ്ഥകളും അന്ന് മന്ത്രാലയം അറിയിച്ചിരുന്നു. വിസക്കച്ചവടത്തെ കുറിച്ചും അതിന്റെ ശിക്ഷകളെ കുറിച്ചും വ്യക്തമാക്കുന്നതിനിടെയായിരുന്നു താല്‍ക്കാലിക വിസകളെ കുറിച്ചും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതിപാദിച്ചിരുന്നത്.
ഇതിന് ശേഷം ഈ വാര്‍ത്തയില്‍ ചില മാറ്റങ്ങള്‍ വരുത്തി പല അറബിക് ഓണ്‍ലൈനുകളും വ്യത്യസ്ത സമയങ്ങളിലായി പ്രസിദ്ധീകരിച്ചുവരികയാണ്. ചില മാധ്യമങ്ങള്‍ സൗദി ജവാസാത്തിന്റെ ലോഗോ വെച്ച് ജവാസാത്ത് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചുവെന്ന വിധത്തിലാണ് പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷം ജനുവരിയിലാണ് ആദ്യമായി ഇതു പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഫെബ്രുവരിയിലും മാര്‍ച്ചിലും അവസാനമായി സെപ്റ്റംബറിലും ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചു.
വിദേശികളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ മാതാവ്, പിതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മൂന്നു മാസത്തേക്ക് 500 റിയാല്‍ ഫീസടച്ചാല്‍ ഒറ്റത്തവണ സന്ദര്‍ശക വിസ ലഭിക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയിലുള്ളത്. ചില ഓണ്‍ലൈനുകളില്‍ 300 റിയാല്‍ അടച്ചാല്‍ നാലു മാസത്തെ വിസ ലഭിക്കുമെന്നും കാണുന്നുണ്ട്. ജനുവരിയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകളിലും വിദേശികളുടെ കുടുംബങ്ങള്‍ക്കുള്ള താല്‍ക്കാലിക വിസയായി തന്നെയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അത് ജമാദുല്‍ ഊല ഒന്നു (ജനുവരി 28) മുതലാണ് എന്നായിരുന്നു.
എല്ലാ വാര്‍ത്തകളിലും വിസ അപേക്ഷിക്കാനുള്ള വഴി പറയുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ വഴി അപേക്ഷിച്ച് നാലോ അഞ്ചോ ദിവസം കാത്തിരിക്കണമെന്നാണ്. ശേഷം വിസ രേഖയുമായി വിദേശത്തെ എംബസികളെയോ കോണ്‍സുലേറ്റുകളെയോ സമീപിക്കണം. വിസകളുടെ ഫീസ് വര്‍ധിച്ചപ്പോഴുണ്ടായ വരുമാന നഷ്ടം കുറക്കാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഈ വാര്‍ത്തകളിലുണ്ട്.
എന്നാല്‍ വാര്‍ത്തയില്‍ പ്രചരിക്കുന്ന പോലെ സന്ദര്‍ശക വിസകള്‍ അബ്ശിര്‍ വഴി ലഭിക്കുന്ന സംവിധാനം സൗദി അറേബ്യയിലില്ല. സന്ദര്‍ശക വിസകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫാമിലി വിസക്ക് അപേക്ഷിക്കാന്‍ അബ്ശിറില്‍ സംവിധാനമുണ്ടെങ്കിലും മിക്ക സമയത്തും ഇസ്തിഖ്ദാം ഓഫീസില്‍ രേഖകളുമായി നേരിട്ട് ചെല്ലാന്‍ ആവശ്യപ്പെടുകയാണ്. തൊഴില്‍ വിസകള്‍ തൊഴില്‍ മന്ത്രാലയമാണ് വിതരണം ചെയ്യുന്നത്. അതിന് നിബന്ധനകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
വിദേശികളുമായി ബന്ധപ്പെട്ട് അടുത്തിടെയായി നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. ചില അറബ് രാജ്യങ്ങളില്‍നിന്നുള്ള അറബി ഓണ്‍ലൈന്‍ പത്രങ്ങളാണ് ഇത്തരം വാര്‍ത്ത മെനയുന്നതില്‍ മുന്‍പന്തിയിലുള്ളത്. ചിലര്‍ ആ വാര്‍ത്തകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയും പ്രചരിപ്പിക്കുന്നുണ്ട്.
 

Latest News