ന്യൂദൽഹി- രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ മണ്ഡലമായ അമേത്തിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയും പര്യടനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുക്കുന്ന മെഗാറാലിയാണ് അമേത്തയിൽ ബി.ജെ.പി സംഘടിപ്പിക്കുന്നത്. അമേത്തിയിൽ മൂന്നു ദിവസം മുമ്പ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു. ഇപ്പോൾ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് രാഹുൽ ഗാന്ധി.
രാഹുലിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തന്നെ പ്രതിരോധത്തിലാക്കുന്നതിനുള്ള പ്രവർത്തനമാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.
അമേത്തി മണ്ഡലത്തിൽ എഫ്.എം സ്റ്റേഷൻ അടക്കമുള്ള പദ്ധതികൾ സ്മൃതി ഇറാനി പ്രഖ്യാപിച്ചു. ഗൗരി ഗഞ്ചിലാണ് എഫ്.എം സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഗോംതി നദി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും സ്മൃതി ഇറാനി പ്രഖ്യാപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടയാളാണ് സ്മൃതി ഇറാനി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 1.07 ലക്ഷം വോട്ടിനായിരുന്നു രാഹുലിന്റെ ജയം. മുൻ തെരഞ്ഞെടുപ്പിൽ 3.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. 2017-ലെ യു.പി തെരഞ്ഞെടുപ്പിൽ അമേത്തി, റായ് ബറേലി ലോക്‌സഭ മണ്ഡലത്തിലെ പത്തിൽ ആറിടത്തും ബി.ജെ.പി ജയിച്ചു. ഇതിൽ നാലു മണ്ഡലങ്ങൾ അമേത്തിയിലാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുലിനെ സമ്പൂർണ്ണ പ്രതിരോധത്തിലാക്കുന്നതിന് വേണ്ടിയാണ് അമേത്തി കേന്ദ്രീകരിച്ച് ബി.ജെ.പി പ്രവർത്തിക്കുന്നത്.
അമേത്തി മണ്ഡലത്തിന് വേണ്ടി രാഹുൽ ഗാന്ധി ഒന്നും ചെയ്തിട്ടില്ലെന്ന് അമിത് ഷാ ആരോപച്ചു. രാഹുൽ ഗാന്ധി മോഡൽ വികസനവും മോഡി വികസനവും തമ്മിൽ താരതമ്യം ചെയ്യണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.