Sorry, you need to enable JavaScript to visit this website.

അയോധ്യയില്‍ മതചടങ്ങല്ല, രാഷ്ട്രീയ അജണ്ടയെന്ന് ബാബരി കമ്മിറ്റി നേതാക്കള്‍

ന്യൂദല്‍ഹി- ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കാനിരിക്കുന്ന പരിപാടി മതപരമായ ചടങ്ങല്ലെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും  ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും (ബിഎംസി) അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും (എഐഎംപിഎല്‍ബി) കുറ്റപ്പെടുത്തി.

ഈ ചടങ്ങ്  ക്ഷേത്രം പണിയുന്നതിനല്ലെന്നും ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്നും സാമുദായിക  ധ്രുവീകരണമാണ് ലക്ഷ്യമെന്നും  ബിഎംഎസി കണ്‍വീനറും അഭിഭാഷകനുമായ സഫരിയാബ് ജീലാനി പറഞ്ഞു.

ഇത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ പൂര്‍ത്തീകരണമാണെന്ന് വ്യക്തിനിയമ ബോര്‍ഡിന്റെ കീഴിലുള്ള ബാബരി മസ്ജിദ് കമ്മിറ്റിയുടെ സഹകണ്‍വീനര്‍ എസ്‌ക്യുആര്‍ ഇല്യാസും പറഞ്ഞു, കോടതി ഉത്തരവിലൂടെ ബാബരി മസ്ജിദ് തുറന്നു കൊടുത്ത 1986 മുതല്‍ ബി.ജെ.പി നേതാക്കള്‍ ഈ അജണ്ടയുമായി  പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നും ഇരു നേതാക്കളും പറഞ്ഞു.

2019 നവംബര്‍ ഒമ്പതിന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും  രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നായതു കൊണ്ടാണ് അതു സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കോടതിയില്‍ പരമാവധി നിയമ പോരാട്ടം നടത്തി.  കോടതി വിധി അംഗീരിക്കുമെന്ന് പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചതുമാണ്.  അതുകൊണ്ടുതന്നെ ഇത്  അല്ലാഹുവിന്റെ വിധിയാണെന്നു കരുതി സ്വീകരിച്ചു-ജിലാനി പറഞ്ഞു. അതേസമയം ഈ അനീതി ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാദം കേള്‍ക്കുക പോലും ചെയ്യാതെയാണ് അവലോകന ഹരജി  സുപ്രീംകോടതി നിരസിച്ചത്. അത് അവരുടെ അധികാരമായതിനാല്‍  തീരുമാനം അംഗീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല-ജീലാനി പറഞ്ഞു.
അയോധ്യയില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസാണെന്നും മോഡിയിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണെന്നും ഇല്യാസ് പറഞ്ഞു.

 

Latest News