ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ പോലീസിനെതിരെ സമര്‍പ്പിച്ച ഹരജി ദല്‍ഹി കോടതി തള്ളി.
പോലീസ് ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗം ചെയ്തുവെന്നും തനിക്കെതിരായ കേസുകളില്‍ വ്യാജവും കെട്ടിച്ചമച്ചതുമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചുവെന്നും ആരോപിച്ചായിരുന്നു ഹരജി.
അന്വേഷണ ഉദ്യോഗസ്ഥരായ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, നോര്‍ത്ത് ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍, ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെടുന്ന ഹരജിയാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പഥക് നിരസിച്ചത്.
ഫെബ്രുവരി 24 ന് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ തുടങ്ങിയ ആക്രമണങ്ങളില്‍ 53 പേര്‍ മരിക്കുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.