ന്യൂദല്‍ഹി-കോടികളുടെ നഷ്ടത്തിലോടുന്ന പൊതുമേഖലാ വിമാന കമ്പനി എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ വാങ്ങാന്‍ തയാറായി ടാറ്റയും രംഗത്ത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയാല്‍ തീര്‍ച്ചയായും ഓഹരി വാങ്ങാന്‍ ടാറ്റയും ശ്രമിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. വ്യോമയാന രംഗത്ത് തങ്ങളുടെ സാന്നിധ്യവും ശേഷിയും വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റയെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ടാറ്റയ്ക്ക് രണ്ട് വിദേശ വിമാനകമ്പനികളുമായി കൂട്ടുകെട്ടുണ്ട്. സിംഗപൂര്‍ എയര്‍ലൈന്‍സ്, മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ എന്നിവരുമായുള്ള സംയുക്ത സംരംഭങ്ങള്‍ കുഴപ്പമില്ലാത്ത രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുകയാണോ അതോ ഭാഗികമായി ഓഹരി വില്‍ക്കുകയാണോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിഞ്ഞാലെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനാകൂവെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
എയര്‍ ഇന്ത്യ വാങ്ങാനുള്ള ടാറ്റയുടെ നീക്കം സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് കമ്പനി മേധാവി ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ജൂണിലാണ് കേന്ദ്ര മന്ത്രിസഭ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനു പച്ചക്കൊടി കാട്ടിയത്. വില്‍പ്പന നടപടികളുടെ ഭാഗമായി കഴിഞ്ഞ മാസം സര്‍ക്കാര്‍ സാമ്പത്തിക, നിയമ ഉപദേശകരെ നിയമിക്കുകയും ചെയ്തു.
ടാറ്റയെ കൂടാതെ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ, ബേഡ് ഗ്രൂപ്പ്, തുര്‍ക്കി കമ്പനിയായ സെലബി ഏവിയേഷന്‍ എന്നീ കമ്പനികളും എയര്‍ ഇന്ത്യയില്‍ കണ്ണുവച്ചിട്ടുണ്ട്. 1930-കളില്‍ ടാറ്റ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ തുടങ്ങിയത്. പിന്നീട് കമ്പനി ദേശസാല്‍ക്കരിക്കപ്പെടുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലാകുകയും ചെയ്യുകയായിരുന്നു.