Sorry, you need to enable JavaScript to visit this website.

ലിംഗമാറ്റം നടത്തിയ ഉദ്യോഗസ്ഥനെ നാവികസേന പുറത്താക്കി

ന്യുദല്‍ഹി- ലിംഗമാറ്റ ശസ്ത്രക്രിയയിലുടെ സ്ത്രീ ആയി മാറിയ മനീഷ് ഗിരി എന്ന നാവികനെ സൈനിക ചട്ടം ലംഘിച്ചെന്ന് കാണിച്ച് നാവിക സേനയില്‍ നിന്ന് പുറത്താക്കി. 'ഇന്ത്യന്‍ പുരുഷന്‍' എന്ന നിലയില്‍ ഏഴുവര്‍ഷം മുമ്പ് സേന സെയ്‌ലര്‍ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്ത ഉദ്യോഗസ്ഥന്‍ സേനാ ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായതെന്ന് സേന വ്യക്തമാക്കി.

 

നാവിക സേനാ നടപടിക്കെതിരെ നീതി തേടി കോടതിയെ സമീപിക്കുമെന്ന് ഗിരി പ്രതികരിച്ചു. ഇപ്പോള്‍ മുടി നീട്ടി വളര്‍ത്തുകയും സാരി ധരിക്കുകയും ചെയ്യുന്ന ഗിരി  'സാബി' എന്ന പേരിലാണ് അറിയപ്പെടുന്നത്. 'ഏഴു വര്‍ഷം ഞാന്‍ രാജ്യത്തെ സേവിച്ചു. ജോലി ഭംഗിയായി ചെയ്തു. ഞാന്‍ ലിംഗമാറ്റം നടത്തിയത് കൊണ്ട് സേന എന്തിന് എന്നെ പിരിച്ചുവിടണം? ഞാന്‍ ഒരു മോഷ്ടാവോ തീവ്രവാദിയോ അല്ല,' ഗിരി പറയുന്നു.

 

ലിംഗമാറ്റം നടത്തിയതിന് തന്നെ നാവിക സേന ആറുമാസത്തോളം മാനസികരോഗ വാര്‍ഡില്‍ ചികിത്സിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗിരി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ എന്നതാണ് എന്റെ സ്വത്വം. ജനന സമയത്ത് പുരുഷനായിരുന്നു എന്നത് കൊണ്ട് ആ ലിംഗത്തില്‍ തന്നെ തുടരണമെന്ന നിര്‍ബന്ധിക്കുന്നത് പീഡനവും അവകാശ ലംഘനവുമാണെന്നും ഗിരി പറയുന്നു.

 

1990-കള്‍ തൊട്ട് ഇന്ത്യന്‍ സേന വനിതാ ഓഫീസര്‍മാരെ സൈന്യത്തിലെടുത്തു തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം. ചെറിയ അളവില്‍ വനിതകളെ സേനയിലെടുക്കുന്നുണ്ടെങ്കിലും സെയ്‌ലര്‍, സോള്‍ജിയര്‍, എയര്‍മെന്‍ എന്നീ തസ്തികളില്‍ വനിതകള്‍ക്ക് അവസരമില്ല. പുരുഷന്‍മാര്‍ക്കു മാത്രമുള്ള തസ്തികകളാണിത്. ഭിന്നലിംഗക്കാരേയും സേനയുടെ ഒരു വിഭാഗത്തിലും എടുക്കുന്നില്ല.

 

വ്യോമസേനയുടെ ചട്ടം അനുസരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഗിരിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതെന്ന് നാവിക സേന വ്യക്തമാക്കി. 'അവധിയില്‍ പോയ സമയത്ത് ലിംഗമാറ്റ ശസ്ത്രികക്രിയ നടത്തി, സേനയില്‍ ചേര്‍ന്ന സമയത്തെ ജെന്‍ഡര്‍ ഒരു വ്യക്തി മനപ്പൂര്‍വ്വം മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ സെയ്‌ലര്‍ എന്ന ജോലിക്കുള്ള യോഗ്യതാ മാനദണ്ഡം അദ്ദേഹം ലംഘിച്ചു. ലിംഗമാറ്റം നടത്തിയാല്‍ പിന്നെ നിലവിലെ ചട്ടങ്ങള്‍ പ്രകാരം ഈ തസ്തികയില്‍ തുടരാനാവില്ല,'  ഒരു നാവികസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

 

 

Latest News