Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് അഞ്ചാംഘട്ടം ഓഗസ്റ്റ് ഒന്നുമുതല്‍; കൂടുതല്‍ വിമാനങ്ങളുണ്ടാകും

ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ വിമാന യാത്രാ നിയന്ത്രണം കാരണം
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നുതിനുള്ള  വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ രണ്ടര ലക്ഷത്തിലധികം ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷനു കീഴില്‍  ഇതിനകം നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ഓഗസ്റ്റ് ഒന്നിനു തുടങ്ങുന്ന വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

യു.എസ്.എ, കാനഡ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ഓസ്‌ട്രേലിയ, ജര്‍മനി, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, യു.കെ, ജര്‍മ്മനി, സൗദി അറേബ്യ, ബഹ്‌റൈന്‍, ന്യൂസിലാന്റ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസുകളുണ്ടാകും.

നേരത്തെ ചെയ്തതു പോലെ  അഞ്ചാം ഘട്ടത്തിലും  വിമാനങ്ങളും പുറപ്പെടുന്ന കേന്ദ്രങ്ങളും  വര്‍ധിപ്പിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം വിദേശത്ത് കുടുങ്ങിയ 7.88 ലക്ഷത്തിലധികം ഇന്ത്യക്കാരെ ജൂലൈ 22 വരെ വന്ദേ ഭാരത് മിഷന്റെ കീഴില്‍ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1,03,976 ഇന്ത്യക്കാര്‍ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് കര അതിര്‍ത്തികളിലൂടെ മടങ്ങിയെത്തിയതായി വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മെയ് ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചത്. ദൗത്യത്തിന്റെ നാലാം ഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇതുവരെ 945 അന്താരാഷ്ട്ര വിമാനങ്ങളും 252 ഫീഡര്‍ വിമാനങ്ങളും ഉള്‍പ്പെടെ 1197 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

 

Latest News