ന്യൂദല്‍ഹി- കോവിഡ് നിര്‍ണയിക്കുന്നതിന് പുതുതായി വികസിപ്പിച്ച സംവിധാനത്തിന്റെ അന്തിമ പരിശോധനക്കായി ഇസ്രായില്‍ വിദഗ്ധരുടെ സംഘം ഇന്ന് ഇന്ത്യയിലെത്തും.
ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി (എയിംസ്) ചേര്‍ന്ന് നാല് കൊറോണ വൈറസ് രോഗനിര്‍ണയ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനാണ് ഇസ്രയേലിന്റെ വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം വരുന്നത്.
കൊറോണ വൈറസ് കണ്ടെത്തുന്നതിനായി ദ്രുതഗതിയിലുള്ള ടെസ്റ്റിംഗ് കിറ്റ് വികസിപ്പിക്കുന്നതിനായി ശാസ്ത്രജ്ഞരുടെ ഒരു സംഘത്തെ ഇന്ത്യയിലേക്ക് അയക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചതായി ജൂലൈ 24 ന് ഇന്ത്യയിലെ ഇസ്രായില്‍ എംബസി അറിയിച്ചിരുന്നു.
ഇസ്രായില്‍ സംഘം ദല്‍ഹിയിലെ എയിംസിലാണ് പ്രവര്‍ത്തിക്കുക. ആദ്യ ഘട്ട പരിശോധന ഇസ്രായിലില്‍ നടന്നിരുന്നു. ഒരു മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കാന്‍ കഴിയുന്ന ടെസ്റ്റിംഗ് കിറ്റിനായി ഇന്ത്യയില്‍ അവസാന ഘട്ട പരിശോധന നടത്തുമെന്ന് എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയും ഇസ്രായിലും തമ്മില്‍ ആദ്യമായുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഇസ്രായില്‍ വിദേശകാര്യ, പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങള്‍ നേതൃത്വം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.